ഇന്ധനം തീർന്നു; ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഇരുട്ടിൽ
|ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ലക്ഷ്യം വച്ചാണിപ്പോൾ ഇസ്രായേലിന്റെ നീക്കം
ഇന്ധനം തീർന്നതോടെ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഇരുട്ടിൽ. ഈ ആശുപത്രി ഉൾപ്പടെ നാല് ആശുപത്രികൾ ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണ്.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ലക്ഷ്യം വച്ചാണിപ്പോൾ ഇസ്രായേലിന്റെ നീക്കം. ആശുപത്രിക്ക് മുകളിൽ ഏതു നിമിഷവും ബോംബ് വീഴാമെന്നാണ് അധികൃതർ അറിയിക്കുന്നത്. രോഗികളെ അനാഥരാക്കി എങ്ങും പോവില്ലെന്നാണ് അധികൃതരുടെ നിലപാട്. ദക്ഷിണ ലബനാനിലെ മൈസ് അൽ ജബൽ ആശുപത്രിക്ക് നേരെയും ഇസ്രായേൽ ആക്രമണം അഴിച്ചു വിട്ടു.
അതിനിടെ, ഗസ്സയിൽ മരണം പതിനൊന്നായിരം കവിഞ്ഞു. ഇതിൽ 4,506പേരും കുട്ടികളാണ്. ഗസ്സയിൽ ആക്രമണത്തിന് നാലുമണിക്കൂർ ദിവസവും ഇടവേളയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ പറഞ്ഞിരുന്നു.പക്ഷേ ഇന്ന് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അക്കാര്യത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. ഹമാസും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ആക്രമണം ഭയന്ന് ഗസ്സ സിറ്റിയിൽ നിന്ന് പതിനായിരങ്ങൾ തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യുകയാണ്. ഇങ്ങനെ പലായനം ചെയ്യുകയായിരുന്ന സാധാരണക്കാരെയും ഇസ്രായേൽ ആക്രമിച്ചു.