ചീഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം
|തണുപ്പുകാലത്തേക്കായി വീട്ടിലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന നിലവറയിലാണ് ഉരുളക്കിഴങ്ങും വച്ചിരുന്നത്
മോസ്കോ: ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ടാറ്റർസ്ഥാനിലെ ലിഷെവോയിലാണ് സംഭവം. തണുപ്പുകാലത്തേക്കായി വീട്ടിലെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന നിലവറയിലാണ് ഉരുളക്കിഴങ്ങും വച്ചിരുന്നത്. എന്നാല്‍ ഇത് അഴുകിയ നിലയിലായിരുന്നു.അവിടെ നിന്ന് വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
ഗൃഹനാഥനായ മിഖായേൽ ചെലിഷേവാണ് പച്ചക്കറികള്‍ എടുക്കാന്‍ ആദ്യം ബേസ്മെന്‍റിലേക്ക് പോയത്. ഉരുളക്കിഴങ്ങിൽ നിന്ന് പുറത്തേക്ക് വന്ന വിഷവാതകം ശ്വസിച്ച് മിഖായേല്‍ ബോധരഹിതനായി.ഉടന്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. സമയം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്നു ഭാര്യ അനസ്താസിയയും ബേസ്മെന്‍റിലെത്തുകയും വിഷവാതകം ശ്വസിച്ച് മരണമടഞ്ഞു. ഇരുവരെയും കാണാത്തതിനെ തുടർന്ന് മൂത്തമകൻ ജോർജ് ബേസ്മെന്റിനുള്ളിലേക്ക് പോയെങ്കിലും കുട്ടിയും മരിച്ചു. മൂന്നുപേരും തിരികെയെത്താത്തതിനാൽ ബേസ്‌മെന്റിനുള്ളിൽ എന്തോ അപകടമുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ അമ്മ ഐറൈദ അയൽവാസികളെ സഹായത്തിനായി വിളിച്ചു. എന്നാൽ അയൽക്കാർ എത്തുന്നതിന് മുമ്പ് ഐറൈഡ ബേസ്മെന്‍റിനുള്ളിലേക്ക് പോയി. മറ്റു കുടുംബാംഗങ്ങള്‍ മരിച്ചതുപോലെ ഐറൈദയും മരിച്ചു.
അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയും നാലുപേരെയും നിലവറയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുവയസുകാരിയായ മകള്‍ മരിയ ചെലിഷേവ മാത്രമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.