ഇസ്രായേലിന് നേരെ നാളെ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്; ആരെയും നേരിടാൻ സജ്ജമെന്ന് സൈന്യം
|വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.
തെൽഅവീവ്: ഇസ്രായേലിനു നേർക്കുള്ള ആക്രമണം മിക്കവാറും നാളെയുണ്ടാവാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ് വിവരമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. എന്നാൽ സമീപത്തും ദൂരെയുമുള്ള ശത്രുക്കൾക്കെതിരെ ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം അറിയിച്ചു.
രാജ്യത്തിനു നേരെ ആരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാലും കനത്ത തിരിച്ചടി നൽകാനുള്ള എല്ലാ ശേഷിയും തങ്ങൾക്കുണ്ടെന്നും സൈനിക നേതൃത്വം വ്യക്തമാക്കി. അതിനിടെ, വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്. ഇക്കുറിയില്ലെങ്കിൽ പിന്നെ ബന്ദികളുടെ മോചനം അസാധ്യമാകുമെന്ന ആശങ്കയിൽ നെതന്യാഹുവിനു മേൽ വലയ സമ്മർദം തുടരുകയാണ് ബന്ദികളുടെ ബന്ധുക്കൾ. വ്യാഴാഴ്ചക്കു മുമ്പ് നെതന്യാഹു ചർച്ചയ്ക്കായി നിയോഗിക്കുന്ന ഇസ്രായേൽ സംഘവുമായി സംസാരിക്കും.
അതേസമയം, ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു ഇന്നലെയും ആവർത്തിച്ചു. വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച വെടിനിർത്തൽ ചർച്ചയ്ക്കു മുമ്പ് നേരത്തെ തങ്ങൾ അംഗീകരിച്ച വ്യവസ്ഥകളുടെ പുരോഗതി എന്തെന്ന് അറിയിക്കണമെന്ന് ഹമാസ് നേതൃത്വം മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഹമാസ് തീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ശക്തമാണെന്ന് ഗസ്സയിൽ സേവനം അനുഷ്ഠിച്ച 14 സൈനിക കമാൻഡർമാർ അറിയിച്ചതായി ഇസ്രായൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ഗസ്സയിലെ ഖാൻ യൂനിസിൽനിന്ന് ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. ഗസ്സയിൽ ഒരിടവും സുരക്ഷിതമല്ലെന്ന അവസ്ഥയിൽ എങ്ങോട്ട് പോകുമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഫലസ്തീനികൾ. ഗസ്സ കൂട്ടക്കുരുതി സംബന്ധിച്ച് അടിയന്തര യു.എൻ രക്ഷാ സമിതിയോഗം ഇന്ന് ചർച്ച ചെയ്യും.