World
netanyahu and yoav gallant
World

ഗസ്സയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ്​ ഗാലൻറിനും അന്താരാഷ്​ട്ര ക്രിമിനൽ കോടതിയുടെ അറസ്​റ്റ്​ വാറൻറ്​

Web Desk
|
21 Nov 2024 12:33 PM GMT

ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദൈഫിനെതിരെയും അറസ്​റ്റ്​ വാറൻറുണ്ട്​

ആംസ്​റ്റർഡാം: യുദ്ധക്കുറ്റങ്ങൾ ആരോപിച്ച്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ എന്നിവർക്കെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ച്​ അന്താരാഷ്​ട്ര ക്രിമിനൽ കോടതി. ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദൈഫിനെതിരെയും അറസ്​റ്റ്​ വാറൻറുണ്ട്​. കോടതിയുടെ ഭാഗമായ 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും പോയാൽ ഇവരെ അറസ്​റ്റ്​ ചെയ്യാൻ സാധിക്കും.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും​ 2023 ഒക്​ടോബർ എട്ടിനും 2024 മെയ്​ 20നും ഇടയിൽ ഗസ്സയിൽ നടത്തിയ യുദ്ധക്കുറ്റങ്ങളും ചൂണ്ടിക്കാട്ടിയാണ് നെതന്യാഹുവിനും ഗാലൻറിനും എതിരായ​ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചതെന്ന്​​ കോടതി പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

ഗസ്സയിലെ സാധാരണക്കാരയ ജനങ്ങളു​ടെ നിലനിൽപ്പിന്​ ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്ന്​, ​വൈദ്യസഹായം എന്നിവയും ഇന്ധനവും വൈദ്യുതിയുമെല്ലാം ഇവർ മനഃപ്പൂർവം തടസ്സപ്പെടുത്തിയെന്ന്​ വിശ്വസിക്കാൻ ന്യായങ്ങളുണ്ടെന്നും പ്രസ്​താവനയിൽ വ്യക്​തമാക്കി​.

കോടതിയുടെ അധികാരപരിധി സംബന്ധിച്ച ഇസ്രായേലി വാദങ്ങളെയും കോടതി എതിർത്തു. കോടതിയുടെ അധികാരപരിധിയിൽ ഫലസ്​തീൻ വരുന്നതാണെന്നും അതിനാൽ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിക്കാമെന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

മറ്റൊരു പ്രസ്​താവനയിലാണ്​ ഗസ്സയിലെ ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദൈഫിനെതിരായ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്​. 2023 ഒക്​ടോബർ ഏഴ്​ മുതൽ ഇസ്രായേലിലും ഫലസ്​തീനിലും നടത്തിയ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചൂണ്ടിക്കാട്ടി​ ഏകകണ്​ഠേനയാണ്​ ദൈഫിനെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചതെന്ന്​ കോടതി വ്യക്​തമാക്കി.

Similar Posts