അന്താരാഷ്ട്ര യുദ്ധക്കുറ്റം; പിടിയിലായ റഷ്യൻ സൈനികരെ യുക്രൈൻ സൈന്യം വധിക്കുന്ന വീഡിയോ പുറത്ത്
|സംഭവം നടന്ന ദിമിത്രിവ്ക ഗ്രാമത്തിൽ നൂറുകണക്കിന് സാധാരണക്കാരായ യുക്രൈൻ പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവർ പിന്തിരിയവേ റഷ്യൻ സൈനികർ കൊലപ്പെടുത്തിയെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്
അന്താരാഷ്ട്ര യുദ്ധനിയമങ്ങൾക്ക് വിരുദ്ധമായി പിടിയിലായ റഷ്യൻ സൈനികരെ യുക്രൈൻ സൈനികർ വധിക്കുന്ന വീഡിയോ പുറത്ത്. ബുച്ച നഗരത്തിന്റെ ദക്ഷിണ പടിഞ്ഞാറായുള്ള ദിമിത്രിവ്ക ഗ്രാമത്തിൽ റോഡിൽ വീണുകിടക്കുന്ന സൈനികരെ യുക്രൈൻ സൈന്യം വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച പുറത്തുവന്ന വീഡിയോയിൽ തലക്ക് മുകളിലായി ജാക്കറ്റിട്ട നിലയിലുള്ള റഷ്യൻ സൈനികനും ചുറ്റും കൂടിയ യുക്രൈൻ സൈനികരുമാണുള്ളത്. 'ഇയാൾക്ക് ജീവനുണ്ട്, ശ്വാസം മുട്ടുന്നു, ഈ കൊള്ളക്കാരനെ ഫിലിമിലാക്കൂ' എന്ന് ഒരു സൈനികൻ പറയുന്നതും തുടർന്ന് മറ്റൊരാൾ രണ്ടു വട്ടം വെടിവെക്കുന്നതുമാണ് വീഡിയോയിലുള്ളത്. ജീവനറ്റ ശേഷം ഒരു വട്ടം കൂടി സൈനികൻ വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൈകൾ പിറകിൽ കെട്ടിയ ഒരാളടക്കം മൂന്നു റഷ്യൻ സൈനികർ വെടിയേറ്റയാൾക്കൊപ്പം റോട്ടിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. എല്ലാവരുടെയും ചുറ്റും രക്തം പരന്നൊഴുകുന്നുണ്ട്. മൂവരും റഷ്യൻ സൈനികരുടെ വെളുത്ത ആം ബാൻഡ് അണിഞ്ഞിട്ടുണ്ട്. ഇവർക്ക് സമീപത്തായി റഷ്യയുടെ ബിഎംഡി 2 യുദ്ധവാഹനവും കിടക്കുന്നുണ്ട്. റഷ്യൻ സൈനികരുടെ ജാക്കറ്റ്, ഷൂ, ഹെൽമറ്റ് എന്നിവ നീക്കം ചെയ്ത നിലയിലായിരുന്നു. ദി ന്യൂയോർക് ടൈംസ് സ്ഥിരീകരിച്ച വീഡിയോ അൽജസീറയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കയ്യിലെ നീല ആം ബാൻഡും പതാകയും വഴിയാണ് വീഡിയോയിൽ യുദ്ധക്കുറ്റം ചെയ്തവർ യുക്രൈൻ സൈനികരാണെന്ന് തിരിച്ചറിഞ്ഞതെന്ന് ദി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന ദിമിത്രിവ്ക ഗ്രാമത്തിൽ നൂറുകണക്കിന് സാധാരണക്കാരായ യുക്രൈൻ പൗരന്മാരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവർ പിന്തിരിയവേ റഷ്യൻ സൈനികർ കൊലപ്പെടുത്തിയെന്നാണ് ആരോപിക്കപ്പെട്ടിരുന്നത്. മാർച്ച് 30 ന് പ്രദേശത്ത് റഷ്യൻ സൈന്യത്തിനെതിരെ നടന്ന ആക്രമണത്തിനെതിരെയുള്ള പ്രതികാരമായിരുന്നു ഈ കൂട്ടക്കൊലയെന്നും സ്വതന്ത്ര മാധ്യമപ്രവർത്തകനായ ഒസ് കറ്റേർജി റിപ്പോർട്ട് ചെയ്തിരുന്നു.
കൃത്യമായ ജോലിയാണ് യുക്രൈൻ സൈനികർ നിർവഹിച്ചതെന്നാണ് അന്ന് റഷ്യൻ വാഹനം തകർത്തതിനെ കുറിച്ച് യുക്രൈൻ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചത്. ഇവർ മനുഷ്യരല്ലെന്നായിരുന്നു ഒരു സൈനികൻ സംഭവ സ്ഥലത്ത് വെച്ച് പ്രതികരിച്ചിരുന്നത്. രണ്ടു റഷ്യൻ സൈനികരെ തടവുകാരായും യുക്രൈൻ പിടികൂടിയിരുന്നു.
Video of Ukrainian army killing captured Russian soldiers is out