ഐഫോണിനും ഐപാഡിനും വിലക്ക് ഏർപ്പെടുത്തി റഷ്യ
|റഷ്യയിലെ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി ആപ്പിൾ ഉപകരണങ്ങൾ വഴി യു.എസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.
മോസ്കോ: ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഐഫോണും ഐപാഡും ഉപയോഗിക്കുന്നത് നിരോധനമേർപ്പെടുത്തി റഷ്യ. രാജ്യത്തിന്റെ ഡിജിറ്റൽ ഡെവലപ്പ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവിന്റെതാണ് ഉത്തരവ്. ഇന്റർഫാക്സ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉദ്യോഗസ്ഥർ ജോലി സംബന്ധമായ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും ഇമെയിലുകൾ അയക്കുന്നതിനും ഐഫോണും ഐപാഡും ഉപയോഗിക്കരുതെന്ന് മന്ത്രി നിർദേശിച്ചു. എന്നാൽ, വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി ആപ്പിൾ ഉപകരണങ്ങൾ വഴി യു.എസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ റഷ്യൻ നടപടി. അതേസമയം, സുരക്ഷാവീഴ്ചയെന്ന റഷ്യയുടെ വാദം ആപ്പിൾ നിഷേധിച്ചു.
2022 ഫെബ്രുവരിയിൽ മോസ്കോ പതിനായിരക്കണക്കിന് സൈനികരെ യുക്രെയ്നിലേക്ക് അയച്ചതിനു തൊട്ടുപിന്നാലെ റഷ്യയിലെ എല്ലാ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപ്പനയും ആപ്പിൾ താൽക്കാലികമായി നിർത്തിയും റഷ്യയിലെ ആപ്പിൾ പേ സേവനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.