World
Iran,Masoud Pezeshkian
World

മസൂദ് പെസഷ്കിയാൻ ഇറാൻ പ്രസിഡന്റ്

Web Desk
|
6 July 2024 5:10 AM GMT

53.7 ശതമാനം വോട്ടുകൾ നേടിയാണ് പെസഷ്ക്യാൻ ജയിച്ചത്

തെഹറാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരിഷ്കരണവാദിയും പാർലമെന്റംഗവുമായ മസൂദ് പെസഷ്കിയാന് വിജയം. എതിർ സ്ഥാനാർത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാൾ മൂന്ന് ദശലക്ഷം വോട്ടുകൾ മസൂദിന് ലഭിച്ചതായാണ് റിപ്പോർട്ട്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 മില്ല്യൺ) വോട്ടുകൾ പെസെഷ്കിയാൻ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യൺ) വോട്ടുകൾ നേടി.

ജൂൺ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർഥികൾക്കാർക്കും 51 ശതമാനത്തിലേറെ വോട്ടുകൾ നേടാനാകാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്.​

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പെസെഷ്‌കിയൻ അനുയായികളു​ടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 24.5 ദശലക്ഷത്തിലധികം വോട്ടുകളിൽ മസൂദ് 10.4 ദശലക്ഷം വോട്ടുകളും, സഈദ് ജലീലി 9.5 ദശലക്ഷം വോട്ടുകളും നേടിയിരുന്നു.

മെയ് 20 ന് അസർബൈജാനിൽ നിന്ന് മടങ്ങുന്നതിനിടയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ​ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറ് പേർക്കാണ് ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയത്.




Similar Posts