World
സർക്കാർ വിരുദ്ധപ്രക്ഷോഭം: ഇറാനിൽ രണ്ട് യുവാക്കളെ തൂക്കിലേറ്റി
World

സർക്കാർ വിരുദ്ധപ്രക്ഷോഭം: ഇറാനിൽ രണ്ട് യുവാക്കളെ തൂക്കിലേറ്റി

Web Desk
|
8 Jan 2023 6:24 AM GMT

പ്രതിഷേധക്കാർക്കെതിരായ വധശിക്ഷ ഉടൻ നിർത്തിവെക്കാനും നിലവിലുള്ള ശിക്ഷകൾ റദ്ദാക്കാനും യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടു

സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഏജന്റിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് രണ്ടു യുവാക്കൾക്ക് വധ ശിക്ഷ വിധിച്ച് ഇറാൻ. മുഹമ്മദ് കരാമി, മുഹമ്മദ് ഹൊസൈനി എന്നിവരെയാണ് തൂക്കിലേറ്റിയത്. ഇവർക്കുപുറമെ സൈനികനെ വധിച്ച കുറ്റത്തിന് മൂന്ന് പേർക്ക് വധശിക്ഷയും 11 പേർക്ക് തടവും വിധിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‍ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി പ്രസ്താവനയില്‍ പറയുന്നു.

സംഭവത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചു. പ്രതിഷേധക്കാർക്കെതിരായ വധശിക്ഷ ഉടൻ നിർത്തിവെക്കാനും നിലവിലുള്ള ശിക്ഷകൾ റദ്ദാക്കാനും യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെയുള്ള ഇറാൻ സർക്കാറിന്റെ അടിച്ചമർത്തലിന്റെ അടയാളമാണിതെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ ജോസെപ് ബോറെൽ പറഞ്ഞു.

മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബർ 13 നാണ് കുർദിസ്താനിൽനിന്ന് കുടുംബത്തോടൊപ്പം ടെഹ്‌റാനിലേക്ക് പോവുകയായിരുന്ന മഹ്‌സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

ഹൃദയാഘാതം മൂലമാണ് മഹ്സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

Related Tags :
Similar Posts