പശ്ചിമേഷ്യയിലേക്ക് ലബൂൺ യുദ്ധക്കപ്പൽ അയച്ച് യു.എസ്; ഇറാനു പ്രത്യാക്രമണം നടത്താൻ അവകാശമുണ്ടെന്ന് ചൈന
|ബെയ്റൂത്ത്, തെൽഅവീവ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിയിലാണ്
തെഹ്റാന്‍/തെല്‍അവീവ്: ഇസ്രായേലിനെതിരെ ഇറാന്‍റെ പ്രത്യാക്രമണം ഉടനെന്ന റിപ്പോർട്ടിനു പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. ബെയ്റൂത്ത്, തെൽഅവീവ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിലായിരിക്കുകയാണ്. ഇതിനിടെ, ഇസ്രായേലിന് സുരക്ഷയൊരുക്കാൻ അമേരിക്ക ലബൂൺ യുദ്ധക്കപ്പൽ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഇറാനു പ്രത്യാക്രമണം നടത്താൻ അവകാശമുണ്ടെന്ന് ചൈനയും പ്രതികരിച്ചിരിക്കുകയാണ്. അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്.
ഇസ്രായേലിനെതിരെ ഇറാന്‍റെ വ്യാപക ആക്രമണം ഉടൻ ഉണ്ടാകുമെന്നാണ് യു.എസ്, ഇസ്രായേൽ ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാനുള്ള യൂറോപ്യൻ നീക്കം പരാജയപ്പെട്ടിരിക്കുകുയാണ്. ഇതോടെ മേഖലയിൽ യുദ്ധഭീതി വർധിച്ചു. ഇസ്മാഈൽ ഹനിയ്യയുടെ വധത്തിന് അന്താരാഷ്ട്ര സമ്മർദങ്ങളെ അവഗണിച്ച് ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന സുരക്ഷാ നിർദേശമാണ് ഇസ്രായേൽ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. മന്ത്രിമാർക്കും ഉന്നത സൈനികോദ്യോഗസ്ഥർക്കും അധികസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വിസ് എയർലൈൻസ്, ലുഫ്താൻസ, എയർ ഫ്രാൻസ്, ട്രാൻസാവി ഉൾപ്പെടെ വിവിധ വിമാന കമ്പനികൾ തെൽഅവീവ്, തെഹ്റാൻ, ബെയ്റൂത്ത് സർവീസുകൾ റദ്ദാക്കി. ഹിസ്ബുല്ല ഇസ്രായേലിനുനേരെയുള്ള ആക്രമണവും കടുപ്പിച്ചിട്ടുണ്ട്.
ഇറാൻ ഇസ്രായേലിനെ ആക്രമിച്ചാൽ വലിയ വിലയൊടുക്കേണ്ടി വരുമെന്ന് യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ തെഹ്റാന്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഹനിയ്യയുടെ കൊല ഇറാന്‍റെ പരമാധികാരത്തിനുനേരെയുള്ള ലംഘനം തന്നെയാണെന്നാണു ചൈന പ്രതികരിച്ചത്. പ്രത്യാക്രമണം നടത്താൻ ഇറാന് അവകാശമുണ്ടെന്നും ചൈന വ്യക്തമാക്കി.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 25 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 39,897 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 92,152 പേർക്കു പരിക്കേറ്റു. ഇസ്രായേൽ മുന്നറിയിപ്പിനെ തുടർന്ന് പതിനായിരങ്ങൾ ഒഴിയാൻ നിർബന്ധിതരായ ഖാൻ യൂനിസിൽ അതീവ ദയനീയമാണ് സ്ഥിതി. വ്യാഴാഴ്ച നടക്കുമെന്നു കരുതുന്ന പുതിയ വെടിനിർത്തൽ ചർച്ചയും പ്രതിസന്ധിയിലാണ്. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച നിർദേശങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് ഹമാസ്.
Summary: Iran-Israel tensions HIGHLIGHTS