World
കാണാതായ ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു; പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​  രാജ്യം
World

കാണാതായ ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു; പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം

Web Desk
|
20 May 2024 12:48 AM GMT

പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാൽപതിലേറെ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്

ദുബൈ: ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റഈസിയെ കണ്ടെത്താനായിട്ടില്ല. റഈസി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന പ്രസിഡന്‍റ്, വിദേശകാര്യമന്ത്രി തുടങ്ങിയവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പ്രതികൂല കാലാവസ്ഥാ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാൽപതിലേറെ സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇറാൻ രക്ഷാപ്രവർത്തനത്തിൽ പിന്തുണയുമായി റഷ്യയും തുർക്കിയുമടക്കമുള്ള രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്.

അനിശ്​ചിതത്വത്തിനും ഉദ്വേഗങ്ങൾക്കും ഇടയിൽ പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ ഒരു രാജ്യവും ജനതയും. നീണ്ടകാല പ്രതിസന്ധികളും പരീക്ഷണങ്ങളും അനുഭവിച്ച ഇറാനിയൻ ജനതക്ക്​ ഇതു​പക്ഷേ, അപ്രതീക്ഷിത ആഘാതം. പ്രസിഡൻറുൾപ്പെടെ പ്രിയപ്പെട്ടവർ തങ്ങളിലേക്ക്​ തിരിച്ചെത്തും എന്നുതന്നെയാണ്​ ഇറാന്‍റെ പ്രതീക്ഷ.

ഒട്ടും നിനച്ചിരിക്കാതെ വന്നെത്തിയ ദു:ഖവാർത്ത. അതിന്‍റെ പൊള്ളലിൽ സ്​തബ്​ധരായി നിൽക്കുകയാണ്​ മണിക്കൂറുകൾക്കിപ്പുറവും ഇറാനിലെ ഓരോ മനുഷ്യരും. പ്രസിഡൻറ്​ സഞ്ചരിച്ച ഹെലികോപ്​ടർ കാണാതായ വാർത്ത വന്നപാടെ എന്താണ്​ സംഭവിച്ചതെന്ന ആധിയേറിയ ചോദ്യങ്ങളായിരുന്നു ഓരോരുത്തരുടെയും ഉള്ളിൽ. ഹെലികോപ്ടർ അപകടത്തിൽ കാണാതായ പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം റഈസിക്കും വിദേശകാര്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും വേണ്ടി പ്രാർഥിക്കണമെന്ന്​ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പ്രസ്​താവനയെത്തി. പിന്നെ കണ്ടത്​ രാഷ്ട്രം മുഴുവൻ പ്രാ​ർ​ഥ​ന​യിലേക്ക്​ വഴിമാറുന്നതാണ്. ദേ​ശീ​യ ടെ​ലി​വി​ഷ​നി​ൽ മ​റ്റു പ​രി​പാ​ടി​ക​ളെ​ല്ലാം നി​ർ​ത്തി​വെ​ച്ച് പ്രി​യ നേ​താ​വി​നാ​യു​ള്ള പ്രാ​ർ​ഥ​നകൾ മാത്രമായി ചുരുങ്ങി. മ​ഷ്ഹ​ദ് ന​ഗ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ൾ പ്രാ​ർ​ഥ​നാ ചടങ്ങിനായി ഒ​ത്തു​കൂ​ടി. ചെ​റു​ന​ഗ​ര​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ പ്രാർഥനക്കായി ഒത്തുചേർന്നു.

പ്ര​സി​ഡന്‍റിനും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും പു​റ​മെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ​യു​ടെ പ്ര​തി​നി​ധി ആ​യ​ത്തു​ല്ല മു​ഹ​മ്മ​ദ് അ​ലി ഹാ​ഷിം, ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​ൻ ഗ​വ​ർ​ണ​ർ മാ​ലി​ക് റ​ഹ്മ​തി എ​ന്നി​വ​രും ആപത്തില്ലാതെ തിരിച്ചെത്തും എന്നുതന്നെ ഉറപ്പിക്കുകയാണ്​ ഇപ്പോഴും ജനങ്ങൾ.

സാധാരണക്കാരോട്​ ചേ​ർ​ന്നു​നി​ന്ന ഭ​ര​ണാ​ധി​കാ​രി​. അതാ​യി​രു​ന്നു ജനങ്ങളിൽ പലർക്കും റ​ഈ​സി. താഴേതട്ടിലെ മനുഷ്യരുമായി നിരന്തരം സമ്പർക്കം പുലർത്താൻ റഈസി താൽപര്യമെടുത്തു. ഖുമൈനിയുടെ ചിന്തയിൽ നിന്ന്​ ഊർജം സംഭരിച്ചും ഇറാനിയൻ വികാരത്തോട്​ ചേർന്നുനിന്നുമായിരുന്നു എന്നും റഈസിയുടെ യാ​ത്ര. രാഷ്​ട്രീയ പ്രക്ഷുബ്​ധതകൾക്കിടയിലും സൗമ്യ നയതന്ത്രം പയറ്റി ഇറാനുള്ളിലും പുറത്തും അസാമാന്യ സ്വാധീനമുറപ്പിച്ച വിദേശകാര്യ മന്ത്രി കൂടിയാണ്​ അമീറബ്​ദുല്ലാഹിയാൻ. തങ്ങളുടെ പ്രിയപ്പെട്ടവർ അടുത്ത മണിക്കൂറിൽ തന്നെ മടങ്ങിയെത്തും എന്നുറപ്പിച്ചാണ്​ ഓരോ ഇറാനിയും കാത്തിരിപ്പ്​ തുടരുന്നത്​.

Similar Posts