World
ഫലസ്തീന് പിന്തുണ ഉറപ്പുനൽകി ഇറാൻ; കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ്
World

ഫലസ്തീന് പിന്തുണ ഉറപ്പുനൽകി ഇറാൻ; കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ്

Web Desk
|
23 Oct 2023 4:36 PM GMT

ഇറാൻ വിദേശകാര്യ മന്ത്രി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയെയും ഇസ്‍ലാമിക് ജിഹാദ് നേതാവ് സിയാദ് അൽനഖാലയെയും ഫോണിൽ വിളിച്ച് പിന്തുണ ആവര്‍ത്തിച്ചു

തെഹ്‌റാൻ: ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്കു പിന്തുണ ആവര്‍ത്തിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രിയാണ് ഹമാസ് രാഷ്ട്രീയ വിഭാഗം തലവൻ ഇസ്മായിൽ ഹനിയ്യയെയും ഇസ്‍ലാമിക് ജിഹാദ് സെക്രട്ടറി ജനറൽ സിയാദ് അൽനഖാലയെയും ഫോണിൽ വിളിച്ച് സഹായവാഗ്ദാനം നൽകിയത്. ഫലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇറാൻ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ മുന്നറിയിപ്പ് നൽകി.

ഈജിപ്തിനും ഗസ്സയ്ക്കുമിടയിലുള്ള റഫ അതിർത്തി ഇസ്രായേൽ തുറക്കണമെന്ന് ഹുസൈൻ അമീർ ആവശ്യപ്പെട്ടു. അടിസ്ഥാന അവശ്യസാധനങ്ങൾക്കു ക്ഷാമം നേരിടുന്ന ഫലസ്തീനികൾക്ക് അടിയന്തര സഹായം എത്തിക്കാൻ അനുവദിക്കണം. ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിൽനിന്നു ജനങ്ങളെ പലായനം ചെയ്യാൻ നിർബന്ധിക്കരുതെന്നും ഇറാൻ ആവശ്യപ്പെട്ടു.

ഫലസ്തീൻ ജനതയ്ക്ക് ഇറാൻ നൽകുന്ന പിന്തുണയ്ക്ക് ഇസ്മായിൽ ഹനിയ്യ നന്ദി രേഖപ്പെടുത്തി. ഇസ്രായേലിന് അമേരിക്ക നൽകുന്ന തുറന്ന പിന്തുണയാണ് നവനാസി ഭരണകൂടം നിരന്തരം കുറ്റകൃത്യങ്ങൾ തുടരാൻ കാരണം. നിരപരാധികളും നിസ്സഹായരുമായ ഗസ്സയിലെ ജനങ്ങൾക്കുനേരെ ഇസ്രായേൽ നടത്തുന്ന ക്രൂരവും അന്ധവുമായ ആക്രമണം അവരുടെ പരാജയമാണ് കാണിക്കുന്നത്. ചെറുത്തുനിൽപ്പ് പോരാളികളുടെ ധീരമായ പോരാട്ടത്തെ അവർക്കു നേരിടാനാകുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ശത്രുവിന് വലിയ നയതന്ത്ര ആഘാതമാണ് ചെറുത്തുനിൽപ്പ് സംഘം നൽകിയിട്ടുള്ളതെന്നും ഹനിയ്യ കൂട്ടിച്ചേർത്തു.

Summary: Iran Foreign Minister Hossein Amir-Abdollahian reaffirms support for Palestine, urges immediate end to Israeli genocide

Similar Posts