World
Iran
World

'ഇസ്രായേലിന് മറുപടിയുണ്ടാകും': ആക്രമണങ്ങളിൽ പ്രതികരണവുമായി ഇറാൻ

Web Desk
|
30 Sep 2024 4:36 AM GMT

അനുയോജ്യമായ സമയത്ത് തന്നെ മറുപടി ലഭിക്കുമെന്നും ഇറാൻ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ്

തെഹ്‌റാൻ: ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് മറുപടിയുണ്ടാകുമെന്ന് ഇറാൻ. അനുയോജ്യമായ സമയത്ത് തന്നെ മറുപടി ലഭിക്കുമെന്നും ഇറാൻ സ്ട്രാറ്റജിക് അഫയേഴ്‌സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുള്ളയുടെ അനുസ്മരണ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലായിരുന്നു ഹസൻ നസ്‌റുള്ള കൊല്ലപ്പെട്ടത്.

'' ഇസ്രായേൽ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളോടുള്ള ഇറാന്റെ പ്രതികരണം ശരിയായ സമയത്ത് തന്നെ ലഭിക്കും. അത് ഇറാന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉന്നതതലങ്ങളിൽ നിന്നും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും''- ജവാദ് സരിഫ് വ്യക്തമാക്കി.

അതിനിടെ ലബനാന് പിന്തുണയുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബാനും രംഗത്ത് എത്തി. ലബനാന്‍ സ്പീക്കര്‍ നബിഹ് ബെറിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. നസ്റുള്ളയുടെ മരണത്തില്‍ ഇറാന്‍ സ്പീക്കര്‍ അനുശോചനം അറിയിക്കാന്‍ വിളിച്ചപ്പോഴാണ് പിന്തുണ വ്യക്തമാക്കിയത് എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍‌സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനൻ ജനത അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ദിവസം കൂടുംതോറും കൂടുന്നതായാണ് കാണുന്നത്. എന്നത്തേയുംപോലെ ലബനാന്‍ ജനതക്കൊപ്പം നില്‍ക്കുമെന്നും ഇറാന്‍ സ്പീക്കര്‍ വ്യക്തമാക്കി.

ഇതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയും മുഹമ്മദ് ബഗര്‍ ഗാലിബാന്‍ രംഗത്ത് എത്തി. ഈ കുറ്റകൃത്യങ്ങളിലെല്ലാം യുഎസ് പങ്കാളിയാണെന്നും പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്ന് ലബനാന്‍ സ്പീക്കര്‍ ബെറിയും അറിയിച്ചു.

അതേസമയം ബെയ്‌റൂത്തില്‍ വെച്ച് ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ്(ഐആര്‍ജിസി) ഡെപ്യൂട്ടി കമാൻഡറെ ഇസ്രായേൽ കൊലപ്പെടുത്തിയത് നിഷ്ഠൂരമായ കുറ്റകൃത്യമാണെന്നും മറുപടിയില്ലാതെ പോകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാക്കിയും പറഞ്ഞു. ഹസന്‍ നസ്റുള്ളക്കൊപ്പമാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സിന്റെ ഡെപ്യൂട്ടി കമാൻഡർ അബ്ബാസ് നിൽഫോറുഷാനും കൊല്ലപ്പെടുന്നത്. ഇറാന്റെ വിവിധ സൈനിക, സുരക്ഷാ പ്രവർത്തനങ്ങളിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്ന ഐആര്‍ജിസിയുടെ ഓപ്പറേഷൻസ് കമാൻഡിന്റെ മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു.

സെപ്തംബർ 23 മുതലാണ് ലബനാൻ ലക്ഷ്യമാക്കി ഇസ്രായേൽ വ്യാപക ആക്രമണത്തിന് മുതിർന്നത്. പേജർ-വോക്കി ടോക്കി സ്‌ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഇസ്രായേൽ നേരിട്ട് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 105 പേരാണ് കൊല്ലപ്പെട്ടത് എന്ന് ലബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 2500ലധികം പേർക്കാണ് പരിക്കേറ്റത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Similar Posts