ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ
|കഴിഞ്ഞ വർഷം തങ്ങളുടെ കപ്പലും എണ്ണയും യു.എസ് പിടിച്ചെടുത്തതിനുള്ള തിരിച്ചടിയാണെന്നാണ് ഇറാൻ വിശദീകരണം
തെഹ്‌റാൻ: യു.എസ് ബന്ധമുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് ഇറാൻ. ഇറാഖിൽനിന്നുള്ള അസംസ്‌കൃത എണ്ണയുമായി തുർക്കിയിലേക്കു പുറപ്പെട്ട കപ്പലാണ് ഒമാൻ കടലിടുക്കിൽ ഇറാൻ നിയന്ത്രണത്തിലാക്കിയത്. കഴിഞ്ഞ വർഷം ഇറാൻ കപ്പലും എണ്ണയും പിടിച്ചെടുത്ത യു.എസ് നടപടിക്കുള്ള തിരിച്ചടിയായാണു നീക്കമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെങ്കടലിൽ ഹൂത്തി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാകും നടപടി.
മാർഷൽ ഐലൻഡ്‌സ് പതാക കെട്ടിയ സെന്റ് നികോളാസ് കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയാണ് പ്രാദേശിക സമയം ഇന്നു രാവിലെ കപ്പൽ നിയന്ത്രണത്തിലാക്കിയത്. തുർക്കിയിലേക്കു പോകേണ്ട കപ്പൽ ഇറാനിലെ ബന്ദറേ ജസ്‌കിലേക്കു വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ഇറാൻ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നാണ് ഔദ്യോഗിക ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സൂയസ് രാജൻ എന്ന പേരിലുണ്ടായിരുന്ന കപ്പൽ യു.എസ് തട്ടിയെടുക്കുകയും ചരക്കുകൾ ടെക്‌സാസിൽ എത്തിക്കുകയും ചെയ്തിരുന്നു. 9,80,000 ടൺ ഇറാൻ എണ്ണയാണ് അമേരിക്ക പിടിച്ചെടുത്തത്.
അതിനിടെ, ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുന്ന കാലത്തോളം ചെങ്കടലിലെ ആക്രമണം തുടരുമെന്ന് ഹൂത്തികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ സമ്പദ്ഘടനയെയും അവരെ സംരക്ഷിക്കുന്ന നാവികസേനകളെയും തകർക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും അവർ പറയുന്നു. നേരത്തെ, യമനിൽ ഉൾപ്പെടെയുള്ള ഹൂത്തി താവളങ്ങൾക്കുനേരെ യു.എസ്-ബ്രിട്ടൻ സംയുക്ത ആക്രമണം നടന്നിരുന്നു.
Summary: Iran seizes oil tanker with links to US in Gulf of Oman