ഇസ്രായേലിന്റെ കൂട്ടക്കൊലകൾ തടയാൻ മുസ്‍ലിം രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇറാൻ
|90 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയെ അപലപിച്ച് ഹൂതികൾ
തെഹ്റാൻ: ഗസ്സയിലെ അൽ മവാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കൊലയെ ശക്തമായി അപലപിച്ച് ഇറാൻ. ഇത്തരം ആക്രമണങ്ങൾ തടയാൻ ഇസ്‍ലാമിക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഇറാൻ ആഹ്വാനം ചെയ്തു.
90 പേർ മരിക്കാനിടയായ ആക്രമണം കുട്ടികളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ കുറ്റകൃത്യമാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ ഖനാനി പറഞ്ഞു. അമേരിക്കയുടെ സൈനിക സഹായം, അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദത, യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം, ഇസ്‍ലാമിക രാജ്യങ്ങൾ അവരുടെ അസാമാന്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലെ പരാജയം എന്നിവയാണ് ഫലസ്തീന് നേരെ ആക്രമണം നടത്താൻ ഇസ്രായേലിനെ സഹായിക്കുന്നത്.
ഫലസ്തീനിലെ പോരാളികളിൽനിന്ന് പരാജയം നേരിട്ടതിനാലാണ് ഇസ്രായേൽ ഇത്തരത്തിൽ ആക്രമണം നടത്തുന്നത്. ഗസ്സ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാരുടെ മാനുഷികമോ ധാർമികമോ ആയ അതിരുകൾ ഇസ്രായേൽ തിരിച്ചറിയുന്നില്ല. ഇത്തരം നടപടികൾ ഇസ്രായേലിനെതിരായ ആഗോള രോഷം വർധിപ്പിക്കുമെന്നും അവരുടെ തകർച്ചയെ വേഗത്തിലാക്കുമെന്നും ഖനാനി കൂട്ടിച്ചേർത്തു.
ഫലസ്തീൻ രാഷ്ട്രത്തിനുള്ള പിന്തുണ തുടരുമെന്ന് ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഫലസ്തീൻ രാഷ്ട്രത്തിന്റെ ദൃഢതയും പോരാളികളുടെ വീരോചിതമായ ധീരതയും കാരണം അന്തിമ വിജയം ഫലസ്തീൻ ജനങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ മവാസി കൂട്ടക്കൊലയെ യെമനിലെ സായുധ വിഭാഗമായ ഹൂതികളും ശക്തമായി അപലപിച്ചു. ഗസ്സയിലെ സംഭവവികാസങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഹൂതി വക്താവ് യഹ്‍യ സാരീ പറഞ്ഞു. അറബ്, ഇസ്‍ലാമിക രാജ്യങ്ങളുടെ അലംഭാവം ഇസ്രായേലെന്ന ശത്രുവിനെ ഇത്തരം കുറ്റകൃത്യങ്ങൾ തുടരാൻ പ്രേരിപ്പിക്കുകയാണ്. ഫലസ്തീൻ ജനതക്കുള്ള തങ്ങളുടെ പിന്തുണ തുടരും.
ഫലസ്തീൻ ജനതയുടെ രക്തത്തിന് പകരം യഥാർഥ വിജയം നേടിക്കൊടുക്കാനുള്ള പരിശ്രമവും തുടരും. ആക്രമണവും ഗസ്സയിലെ ഉപരോധവും അവസാനിപ്പിക്കുന്നത് വരെ ഇസ്രായേലിനെതിരെയും അവരെ പിന്തുണക്കുന്നവർക്കെതിരെയുമുള്ള സൈനിക പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും യഹ്‍യ സാരീ കൂട്ടിച്ചേർത്തു.
ഹൂതികളുടെ പോളിറ്റ് ബ്യൂറോയും കൂട്ടക്കൊലയെ അപലപിച്ചു. അമേരിക്കയുടെ നേരിട്ടുള്ള നിർദേശത്താലാണ് ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ലോകത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അലംഭാവവും ഇതിന് പിന്തുണയേകുന്നു. ഫലസ്തീൻ പോരാളികളുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്നാണ് ഇസ്രായേൽ പറയുന്നത്. എന്നാൽ, കുറ്റകൃത്യത്തിന്റെ ക്രൂരതകളെ മറയ്ക്കാൻ ഈ വാദം പര്യാപ്തമല്ല. ഫലസ്തീൻ ജനതയോടും അവരുടെ ചെറുത്തുനിൽപ്പിനോടും എല്ലാവിധ പിന്തുണയും ഉറപ്പാക്കുകയാണെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇസ്രായേൽ ആക്രമണത്തെ ജോർഡനും അപലപിച്ചു. ഫലസ്തീനികളെ സംരക്ഷിക്കാൻ അടിയന്തരവും ഫലപ്രദവുമായ അന്താരാഷ്ട്ര നടപടി ആവശ്യമാണെന്നും ജോർഡൻ നേതൃത്വം വ്യക്തമാക്കി.
ഇസ്രായേലിന്റെ കൂട്ടക്കൊലക്കെതിരെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി അന്റോണിയോ ഗുട്ടറസും രംഗത്തുവന്നു. ഈ ആക്രമണം ഗസ്സയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് വെളിവാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം ഞെട്ടലും സങ്കടവും തീർത്തു. കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന സാധാരണക്കാരെ കൊല്ലുന്നതിനെ അപലപിക്കുകയാണ്. ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ബന്ദികളെ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അൽ മവാസിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 ഫലസ്തീനികൾ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ സുരക്ഷിത മേഖലയെന്ന് അടയാളപ്പെടുത്തിയ പ്രദേശമാണ് അൽ മവാസി. ഗസ്സയിലെ വിവിധയിടങ്ങളിൽനിന്ന് പലായനം ചെയ്ത് വന്നവരാണ് ഈ തീരമേഖലയിൽ കഴിയുന്നത്. ഇവർ താമസിക്കുന്ന ടെന്റുകളാണ് ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇതോടൊപ്പം ജലശുദ്ധീകരണ ശാലയും ആക്രമിച്ചു.
അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പരിക്കേറ്റവരെ നാസർ, കുവൈത്തി ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, പരിക്കേറ്റ എല്ലാവരെയും ചികിത്സിക്കാനുള്ള ശേഷിയില്ലെന്ന് നാസർ ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് ഹമാസ് നേതാക്കളും നിരവധി പോരാളികളും ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. എന്നാൽ, ഈ ആരോപണം നിഷേധിച്ച് ഹമാസ് രംഗത്തുവന്നു. ഇതാദ്യമായല്ല ഇസ്രായേൽ സൈന്യം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതും പിന്നീടത് തെറ്റാണെന്ന് തെളിയുന്നതെന്നും ഹമാസ് വ്യക്തമാക്കി.
‘കുടിയിറക്കപ്പെട്ട 80,000ത്തോളം പേർ തിങ്ങിത്താമസിക്കുന്ന പ്രദേശത്താണ് ഇസ്രായേൽ സൈന്യം കൂട്ടക്കൊല നടത്തിയത്. ഫലസ്തീൻ ജനതക്കെതിരെ ഉൻമൂലന യുദ്ധം തുടരുമെന്ന സയണിസ്റ്റ് സർക്കാറിന്റെ വ്യക്തമായ സ്ഥിരീകരണമാണിത്. ടെന്റുകളിലും ഷെൽട്ടറുകളിലും കഴിയുന്ന സാധാരണക്കാരെ ലക്ഷ്യമിടുകയാണ് സൈന്യം’ -ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.