'എന്നെയും ഭാര്യയേയും വധിക്കാൻ ശ്രമിച്ചത് ഇറാന്റെ ഏജന്റ്': ഡ്രോൺ ആക്രമണത്തിന് പിന്നാലെ നെതന്യാഹു
|ഇസ്രായേലിനെ ഉപദ്രവിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും നെതന്യാഹു നല്‍കുന്നു
തെൽഅവീവ്: ഇറാന്റെ ഏജന്റ് ഹിസ്ബുല്ലയാണ് തന്നെയും ഭാര്യയേയും വധിക്കാൻ ശ്രമിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിന്റെ സീസറിയയിലെ സ്വകാര്യ വസതിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ ശനിയാഴ്ച രാത്രിയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രോൺ ആക്രമണങ്ങള്‍ കൊണ്ടൊന്നും തന്നെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവില്ലെന്നും ഇസ്രായേലിനെ ഉപദ്രവിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന് തുടരുമെന്നും ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചുകൊണ്ടുവരും, അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇസ്രായേൽ-ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ബെഞ്ചമിൻ നെതന്യാഹുവിന് നേരെ വധശ്രമം നടക്കുന്നത്.
അതേസമയം ഡ്രാേൺ ആക്രമത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാൽ വടക്കൻ-മധ്യ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമാക്കി നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി. നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഇറാനും രംഗത്ത് എത്തി. നുണകൾ പ്രചരിപ്പിക്കുകയും വസ്തുതകൾ വളച്ചൊടിക്കുകയും ചെയ്താണ് സയണിസ്റ്റ് ഭരണകൂടം തന്നെ സ്ഥാപിച്ചതെന്നും അത് അവര്‍ നിര്‍ബാധം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.
അതേസമയം നെതന്യാഹുവിന്റെ വീട്ടിൽ ഡ്രോൺ പതിച്ചെന്നും ബുള്ളറ്റ് പ്രൂഫ് വിൻഡോകൾ ഉള്ളതിനാൽ ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നുമാണ് റിപ്പോർട്ടുകള്‍. ഈ സമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്രായേൽ അതിർത്തി കടന്ന് ഡ്രോൺ എത്തുമ്പോൾ സീസറയിൽ അപായ സൈറണുകൾ മുഴങ്ങിയിരുന്നില്ല. ഇക്കാര്യം രാജ്യത്തെ അപായ സൈറണുകളിൽ ജനങ്ങൾക്ക് അവിശ്വാസം ഉണ്ടാകാൻ കാരണമായിട്ടുണ്ട്. എന്തുകൊണ്ട് അപായ സൈറണുകൾ മുഴങ്ങിയില്ല എന്നതിനെക്കുറിച്ച് ഐഡിഎഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതര പ്രശ്നമായാണ് ഇസ്രായേല്‍ ഇക്കാര്യം കാണുന്നത്.
സീസറിയ ലക്ഷ്യമാക്കി വരുന്ന ഡ്രോണിനെ പിന്തുടരുന്ന ഇസ്രായേൽ ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെലികോപ്ടറുകൾ പറക്കുന്നത് കണ്ട് സംശയം തോന്നിയിരുന്നുവെന്നും എന്നാൽ സൈറണുകൾ മുഴങ്ങാത്തതിനാൽ കാര്യമായ പന്തികേട് തോന്നിയില്ലെന്നും സീസറയിലെ ഒരു നാട്ടുകാരൻ ഇസ്രായേൽ മാധ്യമമായ ചാനൽ 12വിനോട് പറഞ്ഞു. വൻ ശബ്ദം കേട്ടെന്നും എന്നാലത് ഡ്രോൺ ആക്രമണമാണെന്ന് മനസിലായില്ലെന്നും മറ്റൊരാൾ പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ഇസ്രായേൽ തീരനഗരമായ സീസറിയയിൽ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. വടക്കൻ ഗസ്സയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹിയ സിൻവർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്.
അതേസമയം വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ നൂറ് പേർ കൂടി കൊല്ലപ്പെട്ടു. ബൈത്‍ലാഹിയയിൽ 73 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കമാൽ അദ്വാൻ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 50 പേരെങ്കിലും ഇവിടെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടിരിക്കുമെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. വംശഹത്യയുടെ ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ് വടക്കൻ ഗസ്സ സാക്ഷിയാകുന്നതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.