വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമെന്ന് ഇറാന് പ്രസിഡന്റ്
|ഗസ്സയില്‍ നാലുദിവസത്തെ വെടിനിർത്തൽ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന് പ്രസിഡന്റിന്റെ പ്രസ്താവന
തെഹ്റാന്: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നും ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങൾക്കപ്പുറത്തേക്ക് വീഴുകയും ഹമാസിനെതിരെ വിജയം ഉറപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സ പിടിച്ചടക്കുകയെന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇസ്രായേല്‍ പ്രതിരോധ സേന പരാജയപ്പെട്ടുവെന്ന് റഈസി പറഞ്ഞു. ഗസ്സയില്‍ നാലുദിവസത്തെ വെടിനിർത്തൽ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന് പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ ചെറുത്തുനില്‍പ്പിന്റെ സുവര്‍ണ ദൃശ്യമാണ് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ അവസാനിച്ചാലുടൻ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ സൈന്യം. ശത്രുവിന് വൻതിരിച്ചടിയേൽപ്പിച്ചതായി ഹമാസ് സൈനികവിഭാഗം അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ബന്ദികളിൽ നിന്നുള്ളആദ്യ സംഘത്തെ വൈകീട്ട് നാല്മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയതായി ഖത്തർ. അന്താരാഷ്ട്ര റെഡ്ക്രോസ്, റെഡ്ക്രസൻറ് എന്നീ കൂട്ടായ്മകൾ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേൽനോട്ടം വഹിക്കും. ഇരുപക്ഷവും കരാർ വ്യവസ്ഥകൾ പൂർണമായും പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഖത്തർ നേതൃത്വത്തിൽഈജ്പ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിർത്തൽ യാഥാർഥ്യമാകുന്നത്. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ വെടിനിർത്തൽ വേളയിൽ നീക്കം നടക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.