ഇസ്രായേലുമായുള്ള ബന്ധം വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റകൃത്യമായി പ്രഖ്യാപിച്ച് ഇറാഖ്
|ഇസ്രായേലിനൊപ്പമെന്ന് അമേരിക്ക; നിയമം സെമിറ്റിക് വിരോധമെന്ന് കനഡ
ബഗ്ദാദ്: ഇസ്രായേൽ രാഷ്ട്രവുമായുള്ള എല്ലാ ബന്ധങ്ങളും ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള പ്രമേയം ഇറാഖ് പാർലമെന്റ് ഐകകണ്‌ഠ്യേന പാസാക്കി. പാർലമെന്റിൽ സന്നിഹിതരായ 275 അംഗങ്ങളുടെയും പിന്തുണയോടെ എതിരില്ലാതെയാണ് പ്രമേയം പാസായത്. പ്രസിഡണ്ട് ബർഹം സ്വാലിഹ് ഒപ്പുവെച്ചാൽ നിയമം പ്രാബല്യത്തിൽ വരും.
ഇറാഖി പൗരന്മാർക്കും ഭരണകൂട, സ്വതന്ത്ര്യ സ്ഥാപനങ്ങൾക്കും ഇറാഖിൽ ജോലിചെയ്യുന്ന വിദേശപൗരന്മാർക്കും ബാധകമായിരിക്കും പുതിയ നിയമം. ജനങ്ങളുടെ തീരുമാനത്തിന്റെ പ്രതിഫലനമാണ് കഴിഞ്ഞ വ്യാഴാഴ്ച എതിരില്ലാതെ പാസായ നിയമമെന്ന് ഇറാഖ് പാർലമെന്റ് പത്രക്കുറിപ്പിൽ അവകാശപ്പെട്ടു.
'സയണിസ്റ്റ് രാഷ്ട്രവുമായുള്ള ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സാധാരണമാക്കുന്നതിനുമുള്ള നിരോധനം' എന്ന പേരിലുള്ള പ്രമേയം ഇറാഖി പാർലമെന്റിലെ ഭൂരിപക്ഷ കക്ഷിയായ സദർ വിഭാഗമാണ് അവതരിപ്പിച്ചത്. നിയമനിർമാണം നടത്തുമെന്ന് ഷിയാ നേതാവ് മുഖ്തദ അൽ സദറിന്റെ നേതൃത്വത്തിലുള്ള കക്ഷി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ഇസ്രായേലുമായി രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, ശാസ്ത്ര, കായിക മേഖലകളിലുള്ള ബന്ധം പൂർണമായി വിച്ഛേദിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇസ്രായേലിലേക്ക് യാത്രചെയ്യുക, ഇസ്രായേലി കമ്പനികളുമായി വാണിജ്യബന്ധത്തിലേർപ്പെടുക, ഇസ്രായേലി എംബസികൾ സന്ദർശിക്കുക, ഇസ്രായേലിന് ബന്ധമുള്ളതോ സയണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ പരിപാടികളിൽ പങ്കെടുക്കുക, ഇസ്രായേലിനെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങളുമായോ ടീമുകളുമായോ മത്സരങ്ങളിൽ ഏർപ്പെടുക തുടങ്ങിയവ നിരോധിക്കപ്പെട്ട കാര്യങ്ങളിൽപ്പെടും.
1969-ൽ ഇറാഖ് പാർലമെന്റ് പാസാക്കിയ, ഇസ്രായേലുമായുള്ള ആശയവിനിമയങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമത്തിന്റെ വിസ്തരിച്ച പതിപ്പാണ് പുതിയ നിയമം. ലംഘിക്കുന്നവർക്ക് ജീവപര്യന്തം തടവും വധശിക്ഷയും അടക്കമുള്ള ശിക്ഷകൾ ലഭിക്കാം. 1948 ൽ സ്ഥാപിതമായതിനു ശേഷം ഇതുവരെ ഇറാഖ് ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിച്ചിട്ടില്ല.
ഇസ്രായേലിനെതിരായ പുതിയ നിമയത്തിനെതിരെ അമേരിക്കയും കനഡയും രംഗത്തുവന്നു. അയൽരാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുമ്പോൾ നേരെ എതിർദിശയിലേക്കാണ് ഇറാഖിന്റെ നീക്കമെന്നും ഇസ്രായേലിന് നൽകുന്ന പിന്തുണയിൽ ഉറച്ചുനിൽക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ഇസ്രായേലിനെതിരായ ഇറാഖിന്റെ നീക്കം സെമിറ്റിക് വിരോധമാണെന്ന് കനേഡിയൻ വിദേശനയ വിഭാഗം ആരോപിച്ചു.
പാർലമെന്റിൽ പാസായെങ്കിലും 15 ദിവസത്തിനുള്ളിൽ പ്രസിഡണ്ട് ഒപ്പുവെച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എതിർപ്പ് അറിയിച്ച നിയമത്തിൽ ബർഹം സാലിഹ് ഒപ്പുവെക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രസിഡണ്ടായി തുടരണമെങ്കിൽ മുഖ്തദ സദർ കക്ഷിയുടെ പിന്തുണ ആവശ്യമായതിനാൽ സാലിഹ് ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.