World
അയർലാന്റിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു
World

അയർലാന്റിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചു

Web Desk
|
28 May 2022 2:37 PM GMT

അണുബാധകൾ കൂടുതലും സ്ഥിരീകരിച്ചത് യൂറോപ്പിലാണ്

അയർലാന്റിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതായി അയർലാന്റ് ആരോഗ്യ ഏജൻസി അറിയിച്ചു. സംശയാസ്പദമായ മറ്റൊരു കേസും നിലവിലുണ്ടെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. കുരങ്ങുപനി സ്ഥിരീകരിക്കാത്ത 20 രാജ്യങ്ങളിൽ വൈറൽ രോഗം ലക്ഷണങ്ങൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ അണുബാധകൾ കൂടുതലും യൂറോപ്പിലാണ്.

ബെൽജിയത്തിൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസമാണ് ക്വാറന്റൈൻ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ 21 രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടൻ, ബെൽജിയം, യു.എസ്, കാനഡ, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, ആസ്‌ത്രേലിയ, ഇസ്രായേൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന അസുഖം പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചൊറിച്ചിലോ കുമികളോ ഉണ്ടാക്കും. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്.

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണുന്നതും ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതുമായ രോഗമാണ് കുരങ്ങുപനിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രണ്ടുമുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുണ്ടാവും. ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. മരണനിരക്ക് 10 ശതമാനം വരെയാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരാം. ഈ രോഗത്തിന് സാധാരണയായി ഏഴു മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലാവധിയുണ്ട്. ത്വക്ക്, കണ്ണ്, മൂക്ക് വായ എന്നിവയിലൂടെയാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.

എന്താണ് കുരങ്ങുപനി?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.

ചികിത്സ

വൈറൽ രോഗമായതിനാൽ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങുപനിക്ക് വാക്‌സിനേഷൻ നിലവിലുണ്ട്.

Similar Posts