ഇസ്രായേൽ കമ്പനികളിൽ നിന്ന് കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം പിൻവലിച്ച് അയർലൻഡ്
|ഇത് ശരിയായ തീരുമാനമാണെന്ന് ഐറിഷ് ധനമന്ത്രി മൈക്കൽ മഗ്രാത്ത്
ഡബ്ലിൻ: നിരവധി ഇസ്രായേലി കമ്പനികളിൽ നിന്ന് കോടിക്കണക്കിന് യൂറോയുടെ നിക്ഷേപം പിൻവലിച്ച് അയർലൻഡ് സർക്കാർ. അയർലൻഡ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലെ (ISIF) ആഗോള ഇക്വിറ്റി പോർട്ട്‌ഫോളിയോയിൽനിന്ന് ഏകദേശം 3 മില്യൺ യൂറോ പിൻവലിക്കാൻ തീരുമാനിച്ചതായി ഐറിഷ് നാഷണൽ ട്രഷറി മാനേജ്‌മെന്റ് ഏജൻസി (NTMA) സ്ഥിരീകരിച്ചു.
ബ്രിട്ടീഷ് വാർത്താ ഏജൻസിയായ പിഎ മീഡിയ പ്രകാരം ഐഎസ്ഐഎഫിലെ ആഗോള പോർട്ട്‌ഫോളിയോ ഓഹരികളിൽ നിന്ന് ഏകദേശം 3 ബില്യൺ യൂറോ (3.8 ബില്യൺ ഡോളർ) പിൻവലിക്കാനാണ് തീരുമാനിച്ചത്. ബാങ്ക് ഹാപോലിം ബി.എം, ബാങ്ക് ലൂമി-ലെ ഇസ്രായേൽ ബി.എം, ഇസ്രായേൽ ഡിസ്കൗണ്ട് ബാങ്ക്, മിസ്റാഹി ടെഫാഹോട് ബാങ്ക് ലിമിറ്റഡ്, ഫസ്റ്റ് ഇന്റർനാഷണൽ ബാങ്ക്, റാമി ലെവി സി.എൻ സ്റ്റോർസ് എന്നീ ആറ് സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാനാണ് തീരുമാനം.
ഇത് ശരിയായ തീരുമാനമാണെന്ന് ഐറിഷ് ധനമന്ത്രി മൈക്കൽ മഗ്രാത്ത് വ്യക്തമാക്കി. ‘ഈ നിക്ഷേപങ്ങൾ ഏറെ അപകടം പിടിച്ചതാണെന്ന് മനസ്സിലാക്കുന്നു. ഈ നിക്ഷേപങ്ങളുടെ വാണിജ്യ ലക്ഷ്യങ്ങൾ മറ്റു നിക്ഷേപങ്ങളിലൂടെ കൈവരിക്കാനാകും. തീരുമാനം വരും ആഴ്ചകളിൽ എത്രയും വേഗം നടപ്പാക്കും’ -മഗ്രാത്ത് വിശദീകരിച്ചു.
രണ്ടാഴ്ച മുമ്പ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അയർലൻഡ് പ്രഖ്യാപിച്ചിരുന്നു. സ്പെയിൻ, സ്ലോവേനിയ, മാൾട്ട എന്നീ രാജ്യങ്ങളോടൊപ്പമായിരുന്നു അയർലൻഡിന്റെയും പ്രഖ്യാപനം. മേഖലയിൽ ശാശ്വതമായ സമാധാനവും സുസ്ഥിരതയും കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുകയാണെന്നാണ് നാല് രാഷ്ട്രങ്ങളും വ്യക്തമാക്കിയത്.
ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന യുദ്ധക്കുറ്റത്തിനെതിരെയും അയർലൻഡ് നേരത്തെ രംഗത്തുവന്നിരുന്നു. ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണെന്നും സമാധാനത്തിനും വെടിനിർത്തലിനും വേണ്ടിയാണ് പരിശ്രമിക്കേണ്ടതെന്നും യൂറോപ്യൻ യൂനിയനിലെ അയർലൻഡ് പ്രതിനിധി ക്ലാര ഡാലി പറഞ്ഞിരുന്നു.