പുടിനെതിരായ ഉപരോധത്തിന് അഞ്ചു ദിവസം മതിയായിരുന്നു; 70 വർഷമായി ഫലസ്തീനികളുടെ കാര്യത്തിൽ എന്തു ചെയ്തു?- വിമർശനവുമായി ഐറിഷ് എം.പി
|''ഇസ്രായേൽ ഫലസ്തീനികളുടെ അവകാശങ്ങൾ കവരുകയും ഗസ്സയ്ക്കുമേൽ ആക്രമണം അഴിച്ചുവിടുകയും ഫലസ്തീൻ ഭൂമിയിൽ അധിനിവേശം നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രതികരിക്കില്ല. വംശീയവിവേചനമെന്ന വാക്കുപോലും ഉപയോഗിക്കില്ല. ഉപരോധങ്ങളുമുണ്ടാകില്ല''
യുക്രൈൻ-ഫലസ്തീൻ വിഷയങ്ങളിലെ ലോകരാജ്യങ്ങളുടെയടക്കം ഇരട്ടത്താപ്പ് തുറന്നുകാട്ടി ഐറിഷ് പാർലമെന്റ് അംഗം. അയർലൻഡിലെ ഇടതുകക്ഷിയായ പീപ്പിൾ ബിഫോർ പ്രോഫിറ്റ് പാർട്ടി എം.പിയായ റിച്ചാർഡ് ബോയ്ഡ് ബാരെറ്റ് ആണ് പാർലമെന്റിൽ ഐറിഷ് ഭരണകൂടത്തിന്റെ നടപടിയിൽ തുറന്നടിച്ചത്.
''വ്ളാദിമിർ പുടിൻ മനുഷ്യരാശിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളെ വിശേഷിപ്പിക്കാൻ ഏറ്റവും ശക്തവും ഊക്കുള്ളതുമായ വാക്കുകൾ കൃത്യമായി ഉപയോഗിക്കാനായതിൽ നിങ്ങൾ സന്തുഷ്ടരാണ്. എന്നാൽ, ഫലസ്തീനികളോടുള്ള ഇസ്രായേലിന്റെ പെരുമാറ്റം വിവരിക്കുമ്പോൾ നിങ്ങളുടെ ഭാഷയ്ക്ക് ആ ശക്തിയുണ്ടാകില്ല.'' പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബാരെറ്റ് കുറ്റപ്പെടുത്തി. യുക്രൈനിലെ സൈനികനടപടിയെ തുടർന്ന് റഷ്യയ്ക്കുമേൽ ഉപരോധം പ്രഖ്യാപിക്കാനുള്ള ഐറിഷ് ഭരണകൂടത്തിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ ഫലസ്തീനികളുടെ അവകാശങ്ങൾ കവരുകയും ഗസ്സയ്ക്കുമേൽ ആക്രമണം അഴിച്ചുവിടുകയും ഫലസ്തീൻ ഭൂമിയിൽ അധിനിവേശം നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ ഇങ്ങനെ പ്രതികരിക്കില്ലെന്നും ബാരെറ്റ് വിമർശിച്ചു. ''വംശീയവിവേചനമെന്ന വാക്കുപോലും ഉപയോഗിക്കില്ല. ഉപരോധങ്ങളുമുണ്ടാകില്ല. പുടിനും അയാളുടെ സംഘത്തിനുമെതിരെ ഉപരോധമേർപ്പെടുത്താൻ അഞ്ചു ദിവസമാണ് എടുത്തത്. എന്നാൽ, 70 വർഷമായി ഫലസ്തീനികൾ പീഡനമനുഭവിക്കുന്നു. ഉപരോധമൊന്നുമുണ്ടായില്ല. നിങ്ങൾ എന്താണ് അതേക്കുറിച്ച് പറഞ്ഞത്? അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നത് 'സഹായകരം' ആകില്ല...''-അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്രായേലിന്റെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ രാജ്യാന്തര കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടിരുന്നു. വംശീയവിവേചനം നടത്തുന്ന ഇസ്രായേൽ വൃത്തങ്ങൾക്കെതിരെ ആസൂത്രിതമായ ഉപരോധത്തിനും ആംനെസ്റ്റി ആഹ്വാനം ചെയ്തിരുന്നതാണെന്നും റിച്ചാർഡ് ബോയ്ഡ് ബാരെറ്റ് ചൂണ്ടിക്കാട്ടി.
Summary: It took five days for sanctions against Putin and his thugs, 70 years of oppression of the Palestinians, and it wouldn't be. It wouldn't be 'helpful' to impose sanctions.", Says Irish lawmaker Richard Boyd Barrett