ഷി ജിൻപിങ് വീട്ടുതടങ്കലിലോ? തിരഞ്ഞ് സോഷ്യൽ മീഡിയ; നിരീക്ഷകർ പറയുന്നത് ഇങ്ങനെ
|ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും അഭ്യൂഹങ്ങളുണ്ട്.
ബെയ്‌ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എവിടെ? ശനിയാഴ്ച മുതൽ സോഷ്യൽ മീഡിയ തിരയുന്നത് ഇതാണ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഉസ്ബെക്കിസ്ഥാനിലെ സമർഖന്തിൽ എത്തിയ പ്രസിഡന്റിനെ പിന്നീടാരും കണ്ടിട്ടില്ല. ഇത് സംബന്ധിച്ച് വ്യാപക ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ണായക സമ്മേളനം ഒക്ടോബർ 16-ന് നടക്കാനിരിക്കെ പ്രസിഡന്റിനെ കാണാതായത് പല അഭ്യൂഹങ്ങൾക്കും വഴിവെക്കുന്നുണ്ട്. ഷി ജിൻപിങ് വീട്ടുതടങ്കലിലാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ.) തലസ്ഥാനമായ ബെയ്ജിങ്ങിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നും അഭ്യൂഹങ്ങളുണ്ട്.
ഇതിനിടെ ബെയ്ജിങ് വിമാനത്താവളത്തില്‍നിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സർവീസുകൾ ഇതില്‍ ഉള്‍പ്പെടും. വിമാനസർവീസുകൾ റദ്ദാക്കിയതിന്റെ കാരണം വെളിപ്പെടുത്താൻ അധികൃതർ തയ്യാറാകാത്തത് അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുന്നു.
ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷി ജിൻപിങ് മടങ്ങിയിരുന്നു. ചൈനീസ് പട്ടാള മേധാവി സ്ഥാനത്ത് നിന്ന് ഷിയെ നീക്കം ചെയ്‌തുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്‌താവന നടത്തിയിട്ടില്ല. ദേശീയ മാധ്യമങ്ങളും വിഷയം സ്ഥിരീകരിച്ചിട്ടില്ല.
അട്ടിമറി ആരോപിച്ച് ന്യൂ ഹൈലാന്‍ഡ് വിഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ച സന്ദേശം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിലവിൽ ഷിജിന്‍പിങ്, ചൈനീസ് കൂ എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.
എന്നാൽ, സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അർത്ഥശൂന്യമാണെന്നാണ് ചൈനീസ് നിരീക്ഷകരുടെ അഭിപ്രായം. ഷി ജിന്‍പിങ്ങിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അവർ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസോടെ ഷി മൂന്നാമതും ചൈനീസ് പ്രസിഡന്റായി അധികാരത്തിലെത്തുമെന്ന് ഏറക്കുറെ ഉറപ്പാണെന്നും നിരീക്ഷകർ പറയുന്നു. ഷി വിമര്‍ശകരായ രണ്ട് മുന്‍ മന്ത്രിമാര്‍ക്ക് ഈ ആഴ്ച വധശിക്ഷ ലഭിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നിരീക്ഷകരുടെ പ്രതികരണം.