World
ഇന്ത്യയിൽ പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച് മോദിയോട് തുറന്നുസംസാരിക്കൂ- ബോറിസ് ജോൺസനോട് ബ്രിട്ടീഷ് എം.പി
World

ഇന്ത്യയിൽ പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയെക്കുറിച്ച് മോദിയോട് തുറന്നുസംസാരിക്കൂ- ബോറിസ് ജോൺസനോട് ബ്രിട്ടീഷ് എം.പി

Web Desk
|
22 April 2022 4:29 AM GMT

ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിം ജനത പീഡിപ്പിക്കപ്പെടുകയും മുസ്‌ലിം സ്ത്രീകൾ അത്തരം വിദ്വേഷത്തിന്റെ നടുവിലിരിക്കുമ്പോഴും നിശബ്ദത പാലിക്കുന്നത് ഭീരുത്വമായിരിക്കും. വ്യാപാരത്തെക്കുറിച്ചു മാത്രമല്ല ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കൂ-ബോറിസ് ജോൺസനോട് നാസ് ഷാ

ലണ്ടൻ: ഇന്ത്യയിൽ പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയ വിഷയം നരേന്ദ്ര മോദിയോട് ഉന്നയിക്കാൻ ബോറിസ് ജോൻസനോട് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാർലമെന്റ് അംഗം. ബ്രാഡ്‌ഫോഡ് വെസ്റ്റ് എം.പിയും ലേബർ പാർട്ടി അംഗവുമായ നാസ് ഷായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ അക്കമിട്ട് നിരത്തി രംഗത്തെത്തിയിരിക്കുന്നത്. ആൾക്കൂട്ടക്കൊല, ഹിജാബ് വിലക്ക്, ബുൾഡോസർ രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുള്ള ട്വീറ്റ് പരമ്പരയിലൂടെയാണ് നാസ് ഷാ ബോറിസ് ജോൻസനെ ടാഗ് ചെയ്ത് അടിയന്തര ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.

''കേവലം വ്യാപാര, രാജ്യാന്തര വിഷയങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല, മനുഷ്യാവകാശ പ്രശ്‌നങ്ങൾകൂടി ആധാരമാക്കി വേണം നമ്മുടെ രാജ്യത്തിന്റെ വിദേശബന്ധങ്ങളെന്നാണ് ഇന്ത്യ സന്ദർശിക്കുന്ന ബോറിസ് ജോൺസന് എനിക്കു നൽകാനുള്ള സന്ദേശം. വളർന്നുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ വിഷയം മോദിയോട് ഉന്നയിക്കണമെന്നാണ് പ്രധാനമന്ത്രിയോട് എനിക്ക് അപേക്ഷിക്കാനുള്ളത്.''- നാസ് ഷാ ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ അനുദിനം വർധിച്ചുവരുന്ന വിദ്വേഷത്തിന്റെയും ആൾക്കൂട്ട കൊലപാതകങ്ങളുടെയും വേലിയേറ്റം ആശങ്കാജനകമാണെന്നും അവർ കുറിച്ചു. റുവാണ്ട വംശഹത്യയുടെ പ്രാരംഭ സൂചനകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഡോ. ഗ്രിഗറി സ്റ്റാന്റൺ ഇപ്പോൾ ഇന്ത്യയിലും കശ്മീരിലും വംശഹത്യയുടെ പ്രാരംഭ ലക്ഷണങ്ങളും പ്രക്രിയകളും കണ്ടുതുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുസ്‌ലിംകളെ തല്ലുന്നതും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും തല്ലിക്കൊല്ലുന്നതുമെല്ലാം ഇന്ത്യയിൽ ഒരു പതിവായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ 'വിദ്വേഷ കുറ്റകൃത്യങ്ങളു'ടെ കണക്കെടുത്ത ഒരു വസ്തുതാ പരിശോധനാ വെബ്സൈറ്റ് (2019) റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ 10 വർഷത്തിനിടെ (ഇത്തരം സംഭവങ്ങൾക്ക്) ഇരകളായവരിൽ 90 ശതമാനത്തിലധികവും മുസ്‌ലിംകളാണെന്നാണെന്നും ബി.ബി.സി റിപ്പോർട്ട് പങ്കുവച്ച് അവർ ചൂണ്ടിക്കാട്ടി.

''നിരപരാധികളായ മുസ്‌ലിംകളെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതക്കുന്നതിനും പുറമെ, അധികാരികൾ മുസ്‌ലിം ഉടമസ്ഥതയിലുള്ള വീടുകൾ ബുൾഡോസർ ഉപയോഗിച്ചു തകർക്കുന്നു. ആയുധധാരികളായ ഹിന്ദു ദേശീയവാദികൾ പള്ളികൾക്ക് പുറത്ത് റാലി നടത്തുന്നു. മുസ്‌ലിംകൾ ആക്രമണം നടത്തിയാൽ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യാൻ ആൾക്കൂട്ടങ്ങൾ ആഹ്വാനം ചെയ്യുന്നതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. ഒരു മുസ്‌ലിം പള്ളിക്ക് പുറത്ത് നടന്ന ഹിന്ദു ദേശീയവാദികളുടെ റാലിയിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ട് ആരവംമുഴക്കുന്ന ഈ വിഡിയോ ഒരു ഉദാഹരണം മാത്രം(ബജ്രങ് മുനി ദാസിൻരെ വിദ്വേഷ പ്രസംഗം).''

''കർണാടകയിൽ ക്ലാസ് മുറികളിൽ ശിരോവസ്ത്രം (ഹിജാബ്) നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവും കോടതി ശരിവച്ചു. വിശ്വാസമാണോ വിദ്യാഭ്യാസമാണോ വേണ്ടതെന്ന് തിരഞ്ഞെടുക്കാനാണ് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളോടും പെൺകുട്ടികളോടും നിർദേശിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിൽ നിലനിൽക്കുന്ന ഗുരുതരമായ മനുഷ്യാവകാശ സ്ഥിതി മറക്കരുത്. ആർട്ടിക്കിൾ 370 റദ്ദാക്കൽ, അന്താരാഷ്ട്ര ബ്ലാക്ക് ഔട്ടുകൾ, കൂട്ടക്കുഴിമാടങ്ങൾ, കശ്മീരിലെ അർധവിധവകൾ... തങ്ങളുടെ ശബ്ദം (പുറംലോകമറിയാൻ) കശ്മീർ ജനതയ്ക്ക് അവകാശമുണ്ട്. കശ്മീരിനോട് നമുക്ക് ചരിത്രപരമായൊരു ഉത്തരവാദിത്തമുണ്ട്.''

വംശഹത്യയുടെ അപായമണികൾ, ദിനേനയുള്ള മുസ്‌ലിം ആൾക്കൂട്ടക്കൊലകൾ, മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള ആഹ്വാനം.. വ്യവസ്ഥാപിത സ്വഭാവത്തോടെ ഇന്ത്യയിൽ ഇസ്ലാമോഫോബിയ സാധാരണനിലയിലേക്ക് മാറുകയാണ്. മനുഷ്യാവകാശങ്ങളുടെ ചാംപ്യനാണെന്ന് അവകാശപ്പെടുന്ന ഒരാളെന്ന നിലയിൽ നിങ്ങൾ ഈ പ്രശ്‌നങ്ങൾ പ്രധാനമന്ത്രി മോദിയോട് ഉന്നയിക്കുമോ?-ബോറിസ് ജോൺസനെ ടാഗ് ചെയ്ത് അവർ ചോദിച്ചു.

ബ്രിട്ടൻ മനുഷ്യാവകാശങ്ങളിൽ അഭിമാനിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ തുടർച്ചയായി ബ്രിട്ടീഷ് സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിം ജനത പീഡിപ്പിക്കപ്പെടുകയും മുസ്‌ലിം സ്ത്രീകൾ അത്തരം വിദ്വേഷത്തിന്റെ നടുവിലിരിക്കുമ്പോഴും നിശബ്ദത പാലിക്കുന്നത് ഭീരുത്വമായിരിക്കും. തുറന്നുസംസാരിക്കൂ, ബോറിസ് ജോൺസൻ. വ്യാപാരത്തെക്കുറിച്ചും അന്തർദേശീയതയെക്കുറിച്ചും മാത്രമല്ല ഇന്ത്യയിലെയും കശ്മീരിലെയും ന്യൂനപക്ഷ സമുദായങ്ങളുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കൂ-നാസ് ഷാ ആവശ്യപ്പെട്ടു.

ബില്യൺ ഡോളറിന്റെ വ്യാപാര കരാർ ലക്ഷ്യമിട്ട് ഇന്ന് മോദി-ബോറിസ് കൂടിക്കാഴ്ച

ദ്വിദിന സന്ദർശനത്തിനായി ഇന്നലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യയിലെത്തിയത്. ഗുജറാത്തിൽ നടത്തിയ പര്യടനത്തിനുശേഷം ഇന്നലെ ഡൽഹിയിലെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ-ബ്രിട്ടൻ നയതന്ത്ര ബന്ധം ശക്തമാക്കുന്ന വിഷയങ്ങളാണ് നരേന്ദ്ര മോദി ബോറിസ് ജോൺസൺ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

രാഷ്ട്രപതി ഭവനിലെ പ്രഭാതഭക്ഷണത്തിന് ശേഷമാണ് എസ്. ജയശങ്കറുമായി ബോറിസ് ജോൺസൻറെ കൂടിക്കാഴ്ച. രാജ്ഘട്ടിലെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ-വാണിജ്യ മേഖലകളിലെ സഹകരണം, സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. ഇരുരാജ്യങ്ങളും തമ്മിൽ ഒരു ബില്യൺ ഡോളറിന്റെ വ്യാപാര കരാറാണ് ആസൂത്രണം ചെയ്യുന്നത്. ഇതിൻറെ ഭാഗമായാണ് ഇന്നലെ അഹമ്മദാബാദിൽ വെച്ച് രാജ്യത്തെ പ്രമുഖ വ്യവസായികളുമായി ബോറിസ് ജോൺസൻ കൂടിക്കാഴ്ച നടത്തിയതും.

Summary: British MP Naz Shah urges Boris Johnson to 'speak up' on Islamophobia in India to Narendra Modi

Similar Posts