‘2002ന് ശേഷം ഇത്രയുമധികം ക്രൂരതകൾ കണ്ടിട്ടില്ല’; ജെനിനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ
|വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ നിരവധി പേർ വീടുകളിൽ കുടുങ്ങിക്കിടക്കുന്നു
ഗസ്സയിൽ തുടരുന്ന കൂട്ടക്കുരുതി വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. അഭയാർഥികൾ തിങ്ങിത്താമസിക്കുന്ന ജെനിൻ നഗരത്തിൽ വൻതോതിലുള്ള ആക്രമണമാണ് അധിനിവേശ സൈന്യം നടത്തുന്നത്. അഞ്ച് ദിവസമായി തുടരുന്ന അതിക്രമത്തിനിടെ നിരവധി ഫലസ്തീനികളെ അവരുടെ വീടുകളിൽനിന്ന് ഇറക്കിവിട്ടു. നഗരത്തിന് നേരെ കടുത്ത ഉപരോധവും തീർത്തിട്ടുണ്ട്. വെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ നിരവധി പേർ വീടുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
‘ലോകവുമായുള്ള ഞങ്ങളുടെ ബന്ധം വിച്ഛേദിച്ചിരിക്കുന്നു. ആശയവിനിമയമോ ഇന്റർനെറ്റോ ഇല്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല’ -ജെനിൻ സ്വദേശിയായ അബ്ദുറഹ്മാൻ അബൂ റയ ‘മിഡിൽ ഈസ്റ്റ് ഐ’യിനോട് പ്രതികരിച്ചു. കഴിഞ്ഞദിവസം തന്റെ വീട് സൈന്യം ആക്രമിക്കുകയും കുട്ടികളടക്കമുള്ളവരെ രണ്ട് മുറികളിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. പാൽ, റൊട്ടി, മരുന്നുകൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ പോലും ഈ സമയത്ത് നിഷേധിക്കപ്പെട്ടു. അവർക്ക് വായു വിച്ഛേദിക്കാൻ കഴിയുമായിരുന്നെങ്കിലും അതും ചെയ്യുമായിരുന്നു. 2002ന് ശേഷം ഇത്തരത്തിലുള്ള ക്രൂരമായ നടപടികൾ ഞങ്ങൾ കണ്ടിട്ടില്ലെന്നും അബൂ റയ കൂട്ടിച്ചേർത്തു.
‘കുട്ടികളടക്കമുള്ളവർ വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഞങ്ങൾ ഭയപ്പാടിലാണ്. ഇരുണ്ട ദിവസങ്ങളിലാണ് ഞങ്ങളുള്ളത്’ -ജെനിൻ സ്വദേശി ഫാഇസ അബു ജാഫർ തന്റെ ഭയവും ആഘാതാവും വിവരിക്കുന്നു.
ബുധനാഴ്ചയാണ് വടക്കൻ വെസ്റ്റ് ബാങ്കിലെ ജെനിൻ, തുൽകറം, തുബാസ് എന്നിവിടങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടങ്ങിയത്. ഒരേസമയം കരമാർഗവും വ്യോമ മാർഗവുമായിരുന്നു ആക്രമണം. ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 21 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ കുട്ടികളടക്കമുള്ളവർ ഉണ്ടെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ വ്യക്തമാക്കി.
ജെനിനിൽനിന്ന് പിൻമാറാതെ സൈന്യം
വെള്ളിയാഴ്ച തുൽകറം, തുബാസ് എന്നിവിടങ്ങളിൽനിന്ന് ഇസ്രായേൽ സൈന്യം പിൻമാറിയിരുന്നു. എന്നാൽ, ജെനിനിൽ കടുത്ത ഉപരോധവുമായി സൈന്യം തുടരുകയാണ്. സൈന്യവും ഫലസ്തീൻ പോരാളികളും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രായേൽ ബുൾഡോസർ ഉപയോഗിച്ച് ഇവിടത്തെ റോഡുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും വലിയതോതിൽ നശിപ്പിച്ചു. നഗരത്തിലെ 70 ശതമാനം റോഡുകളും തകർത്തതായി ജെനിൻ നഗരസഭാ അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണ ശൃംഘലകളും തകർത്തു. ജെനിനിലെ 80 ശതമാനത്തിനും മുഴുവൻ അഭയാർഥി ക്യാമ്പിനും കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തിലെ സെൻട്രൽ പച്ചക്കറി മാർക്കറ്റിന്റെ ഭാഗങ്ങൾക്ക് അധിനിവേശ സേന തീയിട്ടു. കൂടാതെ നൂറുകണക്കിനും വീടുകളും വാഹനങ്ങളുമാണ് സൈന്യം തകർത്തത്.
ജെനിൻ സർക്കാർ ആശുപത്രിയും ഇസ്രായേൽ ഉപരോധിക്കുന്നുണ്ട്. ഇതുകാരണം ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യാനാകുന്നില്ല. ആംബുലൻസുകളുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. സൈന്യത്തിന് പുറമെ ഇസ്രായേലിലെ അനധികൃത കുടിയേറ്റക്കാരും ജെനിനിൽ അതിക്രമങ്ങൾ അഴിച്ചുവിടുന്നുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇവരുടെ അതിക്രമങ്ങൾ. ഇതിൽ ആറുപേർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു.
തിരിച്ചടിച്ച് പോരാളികൾ
ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ വലിയ തിരിച്ചടിയാണ് ഫലസ്തീനിലെ പോരാളി സംഘടനകൾ നൽകുന്നത്. ഇസ്രായേലി സൈനികരെ നേരിട്ട് ആക്രമിച്ചതായി അൽ ഖുദ്സ് ബ്രിഗേഡ്സ് വ്യക്തമാക്കി. സൈനിക വാഹനങ്ങൾ ആക്രമിക്കുകയും സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇവർ അറിയിച്ചു.
അൽ ഖുദുസ് ബ്രിഗേഡും അൽ ഖസ്സാം ബ്രിഗേഡും ഒരുമിച്ച് അൽ ദമാജ് മേഖലയിൽ ഇസ്രായേലി സൈന്യത്തെ നേരിട്ടു. ആക്രമത്തിനിടെ രണ്ടുപേർ രക്തസാക്ഷികളായി. ഇത് കൂടാതെ അൽ അഖ്സ രക്തസാക്ഷി ബ്രിഗേഡും മെഷീൻ ഗൺ ഉപയോഗിച്ച് ഇസ്രായേലി സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തുകയുണ്ടായി. വിവിധ ആക്രമണങ്ങളിൽ ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
എന്തുകൊണ്ട് ജെനിനെ ആക്രമിക്കുന്നു?
ഇസ്രായേൽ ആക്രമണം തുടരുന്ന ജെനിനിൽ 50,000ത്തോളം പേർ താമസിക്കുന്നുണ്ട്. ഇതിൽ 14,000 പേർ അഭയാർഥികളാണ്. മുമ്പും ജെനിന് നേരെ ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ ഗസ്സ എന്നാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. ഫലസ്തീൻ പോരാളികളുടെ സങ്കേതമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ജെനിനെ നിരന്തരം ആക്രമിക്കുന്നത്. എന്നാൽ, ഈ ആക്രമണത്തിൽ കൊല്ലപ്പെടുന്നതും നാശനഷ്ടങ്ങൾ സംഭവിക്കുന്നതും അഭയാർഥികളടക്കമുള്ള സാധാരണക്കാർക്കാണ്.
ഫതഹിന്റെ സായുധ വിഭാഗമടക്കമുള്ള നിരവധി പോരാളി സംഘടനകൾ ഇവിടെയുണ്ട്. ജെനിൻ ബ്രിഗേഡ്സ് എന്ന് വിശേഷിപ്പിക്കുന്ന ഒരു കുടക്കീഴിലാണ് ഈ സംഘടനകൾ പ്രവർത്തിക്കുന്നത്. രണ്ടാം ഇൻതിഫാദയുടെ കാലത്ത് 2002ൽ വലിയ ആക്രമണമാണ് ജെനിനിലുണ്ടായത്. മാസങ്ങൾ നീണ്ടുനിന്ന ആക്രമണത്തിൽ 52 ഫലസ്തീനികളും 23 ഇസ്രായേലി സൈനികരും കൊല്ലപ്പെടുകയുണ്ടായി.