ആഹ്ളാദ പ്രകടനങ്ങളുമായി തെരുവിലിറങ്ങി ഫലസ്തീൻ ജനത
|വെടിനിർത്തൽ പ്രഖ്യാപിച്ചതിൽ വിമർശനവുമായി ഇസ്രായേൽ മാധ്യമങ്ങൾ
പതിനൊന്ന് ദിവസമായി തുടർന്ന ഇസ്രായേൽ ആക്രമണങ്ങൾ അവസാനിച്ചതോടെ ആഹ്ളാദ പ്രകടനങ്ങളുമായി തെരുവിലിറങ്ങി ഫലസ്തീൻ ജനത. ഇസ്രായേലിന്‍റെ പിൻമാറ്റം ചെറുത്തുനിൽപ്പിൻറെ വിജയമായാണ് ഫലസ്തീനികൾ കരുതുന്നത്. അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ചതിൽ വിമർശനവുമായി ഇസ്രായേൽ മാധ്യമങ്ങൾ രംഗത്തെത്തി.
വെടിനിർത്തൽ പ്രാബല്യത്തിലായതോടെ ഫലസ്തീൻറെ ആകാശത്ത് ഭീതിയുടെ കാർമേഘങ്ങളൊഴിഞ്ഞു. ഇന്ന് പുലർച്ചെ മുതൽ അഖ്സ പള്ളിയിലും വിവിധ ഭാഗങ്ങളിലും ഫലസ്തീനികൾ ആഘോഷങ്ങളുമായെത്തി. ഫലസ്തീൻ പതാക ഉയർത്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയുമായിരുന്നു ആഹ്ലാദപ്രകടനങ്ങൾ.
വെടിനിർത്തലിന് ശേഷവും അൽ അഖ്സ പള്ളിയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെ ഇസ്രയേലി പോലീസ് ടിയർഗ്യാസ് പ്രയോഗിച്ചു. ജുമുഅഃ നിസ്‌കാരത്തിനിടെയാണ് വിശ്വാസികൾക്കെതിരെ സൈന്യം അക്രമം അഴിച്ചുവിട്ടത്. വെടിനിർത്തൽ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്യുന്നതിനിടെ പള്ളിയിലേക്ക് സൈന്യം ഇരച്ചുകയറുകയായിരുന്നു. സൈന്യത്തിന്‍റെ ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
അതേസമയം വെടിനിർത്തല്‍ ധാരണ അംഗീകരിച്ച ഇസ്രായേൽ സുരക്ഷ മന്ത്രാലയത്തിന്‍റെ നടപടിക്കെതിരെ ഇസ്രായേലി മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഗസ്സയിലെ നരഹത്യ അവസാനിപ്പിച്ച് ഇസ്രായേൽ വെടിനിർത്തൽ അംഗീകരിച്ചത്. 11 ദിവസത്തെ ഇസ്രായേൽ അതിക്രമങ്ങൾക്കൊടുവിൽ ഈജിപ്തിന്‍റെ മധ്യസ്ഥതയിലായിരുന്നു വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 232 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ 65 പേർ കുട്ടികളും 39 പേർ സ്ത്രീകളുമാണ്