ഗസ്സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന് പ്രാബല്യത്തിൽ
|വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്ധിച്ച അവ്യക്തത ഖത്തർ ഇടപെട്ട് പരിഹരിക്കുമെന്ന് അമേരിക്ക
തെല് അവിവ്: ഗസ്സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന് പ്രാബല്യത്തിൽ വരും. വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്ധിച്ച അവ്യക്തത ഖത്തർ ഇടപെട്ട് പരിഹരിക്കുമെന്ന് അമേരിക്ക. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കും. സമഗ്രവെടിനിർത്തൽ നിർദേശം തള്ളിയ ഇസ്രായേൽ, ഹമാസിനെ തുരത്തും വരെ യുദ്ധം തുടരുമെന്ന് മുന്നറിയിപ്പ് നൽകി. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഹമാസ് നേതാക്കളെ വകവരുത്താൻ നെതന്യാഹു മൊസാദിനോട് ഉത്തരവിട്ടു. ഗസ്സയിൽ മരണസംഖ്യ 14,500 കടന്നു.
48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ച നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ഇന്ന് പ്രാബല്യത്തിൽ വരും. പ്രാദേശിക സമയം രാവിലെ 10ന് വെടിനിർത്തൽ ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കരാറിൽ ഇക്കാര്യം വ്യക്തമാക്കാത്ത സാഹചര്യത്തിൽ മധ്യസ്ഥ രാജ്യമായ ഖത്തർ കൂടിയാലോചനകളിലൂടെ തീരുമാനം അറിയിക്കുമെന്ന് യു.എസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. വെടിനിർത്തൽ എപ്പോൾ ആരംഭിക്കും എന്നറിയില്ലെന്ന് രാത്രി ഇസ്രായേൽ സൈന്യം പ്രതികരിച്ചു. വെടിനിർത്തൽ വേളയിൽ ഗസ്സയിലെ സൈനികർക്ക് ഇൻറലിജൻസ് വിവരങ്ങൾ കൈമാറുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.
കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക് ഇസ്രായേലും ബന്ദികളുടെ പട്ടികക്ക് ഹമാസും രൂപം നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിച്ച് സമഗ്ര വെടിനിർത്തലിലേക്ക് കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു. ഹമാസിനെ തുരത്തി ബന്ദികളെ പൂർണമായും തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തൽ നടപ്പിലാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെയും നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ മരണ സംഖ്യ 14.532 ആയി. ഇവരിൽ 6000 പേർ കുട്ടികൾ.
കാണാതായ ഏഴായിരം പേരിൽ 4700 പേരും സ്ത്രീകളും കുട്ടികളും. 205 ആരോഗ്യ പ്രവർത്തകരും 64 മാധ്യമ പ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. അൽ ശിഫ, അൽ റൻതീസി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതുതായി നിരവധി പേർ മരണപ്പെട്ടതായ റിപ്പോർട്ടുകളും പുറത്തുവന്നു. ലോകത്തെവിടെയാണെങ്കിലും ഹമാസ് നേതാക്കളെ വധിക്കാൻ മൊസാദിന് നെതന്യാഹു നിർദേശം നൽകി. ആക്രമണം തുടർന്നാൽ ലബനാനെതിരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ താക്കീത്.