World
യാ റബ്ബ്, യാ അല്ലാഹ്... നിലവിളി; ആശുപത്രികളിലെ ഇസ്രായേൽ ബോംബിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
World

'യാ റബ്ബ്, യാ അല്ലാഹ്... നിലവിളി'; ആശുപത്രികളിലെ ഇസ്രായേൽ ബോംബിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Web Desk
|
10 Nov 2023 8:47 AM GMT

ഹമാസ് സേനാംഗങ്ങൾ ഒളിച്ചിരിക്കുന്നു എന്നാരോപിച്ചാണ് ആശുപത്രികൾക്കു നേരെ ഇസ്രായേല്‍ ബോംബിങ് നടത്തുന്നത്.

തെൽ അവീവ്: അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി ഗസ്സയിലെ ആശുപത്രിക്കു മേൽ ഇസ്രായേൽ സേനയുടെ കടന്നാക്രമണം. പരിക്കേറ്റ രോഗികൾക്കൊപ്പം സിവിലിയന്മാർ കൂടി അഭയം തേടിയ ആശുപത്രികൾക്കു നേരെ നിഷ്ഠുരമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ, അൽ ഖുദ്‌സ്, റൻതീസി ചിൽഡ്രൻസ് ആശുപത്രി, ഇന്തൊനേഷ്യൻ ഹോസ്പിറ്റൽ, അല്‍ അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ എന്നിവയ്ക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



ഹമാസ് സേനാംഗങ്ങൾ ഒളിച്ചിരിക്കുന്നു എന്നാരോപിച്ചാണ് ആശുപത്രികൾക്കു നേരെ ബോംബിങ് നടക്കുന്നത്. കിടപ്പാടം നഷ്ടമായതു മൂലം പതിനായിരങ്ങളാണ് ആശുപത്രികളിൽ അഭയം തേടിയിട്ടുള്ളത്. അൽ ഷിഫ ആശുപത്രിയിൽ മാത്രം 6000 പേരാണ് അഭയാർത്ഥികളായി കഴിയുന്നത്.



ഗസ്സയുടെ മധ്യഭാഗത്തുള്ള ചെയ്യുന്ന അൽ ഷിഫയിലേക്ക് ഇസ്രായേൽ സേന എത്തിയതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഔട്ട്‌പേഷ്യന്റ് ക്ലിനിക് ലക്ഷ്യമാക്കി വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ തലാൽ അൽ സാതറിലെ അൽ അവ്ദ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി. ബോംബ് വീഴുന്ന വേളയിൽ ആളുകൾ ചെവി പൊത്തുന്നതിന്റെയും യാ അല്ലാഹ്, യാ റബ് എന്നിങ്ങനെ നിലവിളിക്കുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്.



അൽ റൻതീസി ചിൽഡ്രൻസ് ആശുപത്രിയിൽ ഫോസ്ഫറസ് ബോംബുപയോഗിച്ചായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുണ്ട്. ആശുപത്രിയുടെ ചില ഭാഗങ്ങൾ പൂർണമായും കത്തിയമർന്നു. ആശുപത്രിയുടെ പ്രവർത്തനം നിലച്ചതായി തുർക്കി വാർത്താ ഏജൻസി അനദോലു റിപ്പോർട്ടു ചെയ്യുന്നു. 38 കുട്ടികൾ വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലുള്ള ആശുപത്രിയാണിത്. ഇതോടെ ഇവരുടെ ജീവിതം അപകടത്തിലായി.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 10569 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 4324 പേർ കുട്ടികളും 2823 പേർ സ്ത്രീകളുമാണ്. ഇസ്രായേൽ ഭാഗത്ത് 1600 പേര്‍ കൊല്ലപ്പെട്ടു.

Similar Posts