ഹിസ്ബുല്ല ഡെപ്യൂട്ടി കമാൻഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ
|വെള്ളിയാഴ്ച കൊലപ്പെടുത്തിയ അലി അബ്ദുൽ ഹസൻ നായിം ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നാണ് ഇസ്രായേൽ അവകാശവാദം
ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ. വെള്ളിയാഴ്ച തെക്കൻ ലബനനിലെ ടയറിന് സമീപം നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയ അലി അബ്ദുൽ ഹസൻ നായിം ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്ന് ഇസ്രായേൽ അവകാശവാദം. മിഡിൽ ഈസ്റ്റ് ഐയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹിസ്ബുല്ല സംഘത്തിലെ പ്രധാന തന്ത്രജ്ഞനായി നായിം കണക്കാക്കപ്പെടുന്നുവെന്നും ഹെവി വാർഹെഡ് റോക്കറ്റ് വെടിവയ്പ്പിന്റെ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹമെന്നും ഇസ്രായേലി സൈന്യം പറഞ്ഞു. ഇസ്രായേലി പൗരന്മാർക്കെതിരെ ആക്രമണം നടത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉത്തരവാദിയാണെന്നും സൈന്യം പറഞ്ഞു.
സംഘത്തിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കാതെ വെള്ളിയാഴ്ച ഹിസ്ബുല്ല നയീമിന്റെ മരണം പുറത്തുവിട്ടിരുന്നു. ഹിസ്ബുല്ല ഇന്ന് അനുശോചനമറിയിക്കുന്ന ആറാമത്തെ അംഗമായിരുന്നു അദ്ദേഹം. ഇന്ന് അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു. ഒക്‌ടോബറിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം 230 ലേറെ അംഗങ്ങൾ കൊല്ലപ്പെട്ടതായും പറഞ്ഞു. സിറിയയിലെ ആലെപ്പോയിൽ ഇസ്രായേൽ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു. അതിന് ശേഷമാണ് ഹിസ്ബുല്ല തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
അതേസമയം, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 24 മണിക്കൂറിനിടെ 71 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതിനിടെ, ഗസ്സ സിറ്റിയിലെ ഷുജാഇയ്യയിലെ സ്‌പോർട്‌സ് സെൻററിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി അധികൃതർ പറഞ്ഞു.