World
അൽഅഖ്‌സ ആക്രമണം: ഇസ്രായേൽ കോൺസുലേറ്റിൽ പ്രതിഷേധവുമായി ജൂതസംഘടനകൾ
World

അൽഅഖ്‌സ ആക്രമണം: ഇസ്രായേൽ കോൺസുലേറ്റിൽ പ്രതിഷേധവുമായി ജൂതസംഘടനകൾ

Web Desk
|
21 April 2022 12:57 PM GMT

അൽഅഖ്‌സ പള്ളിയിൽ ഇന്നും ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 30ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റു

ന്യൂയോർക്ക്: അൽഅഖ്‌സ പള്ളിയിലും ഫലസ്തീന്റെ വിവിധ ഭാഗങ്ങളിലും ഇസ്രായേൽ സൈന്യം തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ജൂതസമൂഹം. ന്യൂയോർക്ക് സിറ്റിയിൽ ഇസ്രായേൽ കോൺസുലേറ്റിനു മുൻപിലാണ് വിവിധ ഓർത്തഡോക്‌സ് ജൂതസംഘങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.

ഫലസ്തീനെ മോചിപ്പിക്കുക, ശൈഖ് ജർറായെ രക്ഷിക്കുക തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. സയണിസ്റ്റുകളാണ് അന്നും ഇന്നും തീകൊളുത്തിയത്, ഫലസ്തീനികൾക്ക് പരമാധികാരം തിരിച്ചുനൽകണം എന്നു തുടങ്ങുന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉയർന്നു. അൽഅഖ്‌സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിക്കാനും പരിപാടിയിൽ ആഹ്വാനമുണ്ടായി.

അൽഅഖ്‌സയിൽ വലിയ തോതിലുള്ള പ്രകോപനമാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ രക്തച്ചൊരിച്ചിലിനു കാരണമാകുന്ന നടപടികളാണിതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ജൂത മതപുരോഹിതൻ കൂടിയായ ഡെവിഡ് ഫെൽമാൻ പറഞ്ഞു. പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ തുടർച്ചയാണിത്. ഈ അധിനിവേശം ജൂതവിരുദ്ധവും എല്ലാ വിഭാഗങ്ങൾക്കും ഹാനികരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ജൂത സംഘടനയായ നെറ്റുറൈ കർട്ട ഇന്റർനാഷനൽ പ്രസിഡന്റ് കൂടിയാണ് ഡെവിഡ് ഫെൽമാൻ.

നരനായാട്ട് നിർത്താതെ ഇസ്രായേൽ

അതേസമയം, അൽഅഖ്‌സ പള്ളിയിൽ ഇന്നും ഇസ്രായേൽ ആക്രമണമുണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ 30ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പള്ളിക്കകത്ത് അതിക്രമിച്ചു കയറിയ സൈന്യം വിശ്വാസികൾക്കുനേരെ കണ്ണീർ വാതകവും മുളകുസ്‌പ്രേയും പ്രയോഗിച്ചു. റബർ ബുള്ളറ്റുകൊണ്ട് വെടിവയ്ക്കുകയും ചെയ്തു.

അതിനിടെ മധ്യ ഗസ്സ മുനമ്പിലും ഇസ്രായേൽ ആക്രമണം നടത്തിയതായി അൽജസീറ റിപ്പോർട്ടിൽ പറയുന്നു. ഈയാഴ്ച ഇതു രണ്ടാം തവണയാണ് ഗസ്സ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം നടക്കുന്നത്. ഇവിടെ റോക്കറ്റ് നിർമിക്കുന്ന ഭൂഗർഭകേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദിച്ചത്.

വടക്കൻ വെസ്റ്റ് ബാങ്കിലെ അൽയാമുൻ, കഫ്ർ ദാൻ തുടങ്ങിയ പട്ടണങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. അൽയാമുൻ നഗരത്തിലെ നിരവധി വീടുകളിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറി. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റാമല്ലയ്ക്ക് സമീപത്ത് മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ച് പരിക്കേൽപ്പിച്ചതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയായി ഫലസ്തീൻ പട്ടണങ്ങളിൽ ഇസ്രായേൽ സൈന്യം നിരന്തരമായി കടന്നുകയറുകയും ആക്രമിക്കുകയും ചെയ്യുകയാണ്.

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽഅഖ്‌സ മസ്ജിദിൽ കഴിഞ്ഞയാഴ്ച രണ്ടുദിവസങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ജറൂസലേമിൽ തുടരുന്ന സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

Summary: Orthodox Jewish groups conducted a march in front of Israel's consulate in New York City to protest Israel's recent raids on Palestinian worshipers at the Al Aqsa Mosque

Similar Posts