World
Israel attacks Iran, sound of explosions heard near Tehran, Israel attack on Iran, Israel-Iran tensions, Israel Hezbollah war 2024, Israel attack on Gaza, Hamas,
World

ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; തെഹ്റാന്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ നിരവധി സ്ഫോടനങ്ങള്‍

Web Desk
|
26 Oct 2024 12:50 AM GMT

ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

തെഹ്‌റാൻ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഒടുവിൽ ഇസ്രായേലിന്റെ തിരിച്ചടി. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തി. സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. അമേരിക്ക ഇസ്രായേലിനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല.

പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. തെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു.

അതേസമയം, സംഭവത്തിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവര്‍ത്തനസജ്ജമായതായും ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ സേനയായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡിന്റെ(ഐആർജിസി) താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐആർജിസി താവളങ്ങളിലൊന്നും സ്‌ഫോടനമുണ്ടായിട്ടില്ലെന്ന് ഇറാൻ വാർത്താ ഏജൻസിയായ 'തസ്‌നീം' റിപ്പോർട്ട് ചെയ്തു.

തലസ്ഥാനനഗരത്തിൽ എല്ലാം പതിവുപോലെയാണു പ്രവർത്തിക്കുന്നതെന്ന് തെഹ്‌റാൻ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസർ ഫുആദ് ഇസാദി 'അൽജസീറ'യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കിൽ ചെറിയ തോതിൽ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Summary: Israel attacks Iran, sound of explosions heard near Tehran

Similar Posts