വെസ്റ്റ് ബാങ്കിലെ ജനീൻ നഗരം ഉപരോധിച്ച് ഇസ്രായേൽ; വെള്ളവും ഭക്ഷണവും വൈദ്യുതിയും തടഞ്ഞു
|അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്
ജറുസലേം: ദിവസങ്ങളായി വെസ്റ്റ്ബാങ്കിൽ തുടരുന്ന ആക്രമണം ശക്തമാക്കി ഇസ്രായേൽ. അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ജനീൻ നഗരത്തെ പൂർണമായും ഇസ്രയേൽ സേന ഉപരോധിച്ചു. ഇവിടേക്കുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും തടഞ്ഞു. ഇന്റർനെറ്റും റദ്ദാക്കിയിട്ടുണ്ട്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെയടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വെസ്റ്റ്ബാങ്കിലെ മറ്റുപ്രദേശങ്ങളിലും ആക്രമണം ശക്തമാണ്. ഗസ്സയിലെ ജബാലിയയിലും ഖാൻയൂനുസിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി.
അതേസമയം, അമേരിക്കയുടെ സമ്മർദത്തിനിടയിലും വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിക്കാൻ തന്നെയാണ് പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നീക്കം. തെൽ അവീവിൽ ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും നെതന്യാഹുവും തമ്മിൽ തുറന്ന ഏറ്റുമുട്ടലുണ്ടായി. ബന്ദിമോചനമാണ് പ്രധാനമെന്നും ഫിലാഡെൽഫി കോറിഡോറിലെ സൈനിക സാന്നിധ്യത്തിന്‍റെ പേരിൽ ചർച്ച പരാജയപ്പെടുത്തരുതെന്നും മന്ത്രി യോവ് ഗാലന്‍റ് ആവശ്യപ്പെട്ടു .
അതിനിടെ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഗസ്സയിൽ പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച ആരംഭിക്കും. 2000ത്തോളം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാക്സിനേഷൻ നടപ്പാക്കുക. 10 വയസ്സിന് താഴെയുള്ള 6.40 ലക്ഷം കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക.
330 ദിവസമായി ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 40,691 ആയി. 94,060 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ 89 പേരാണ് കൊല്ലപ്പെട്ടത്. അൽ നുസൈറത്ത് അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗസ്സയിലെ മധ്യ, കിഴക്കൻ ഖാൻ യൂനിസിലെ മിക്ക പ്രദേശങ്ങളിൽനിന്നും ഇസ്രായേലി സൈന്യം വെള്ളിയാഴ്ച പിൻമാറി. നിരവധി പേരെ കൊന്നൊടുക്കുകയും ഈ പ്രദേശങ്ങൾ പൂർണമായും നാമാവശേഷമാക്കിയുമാണ് സൈന്യം ഇവിടെനിന്ന് പിൻമാറുന്നത്. സൈന്യം പിൻമാറിയതോടെ നിരവധി മൃതദേഹങ്ങൾ ഇവിടെനിന്ന് ലഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.