ജെനിൻ ക്യാമ്പിൽ ഇസ്രായേൽ അഴിഞ്ഞാട്ടം: ബുൾഡോസറുകളുമായി എത്തി സൈന്യം, ആയിരങ്ങളെ പുറന്തള്ളി
|ഇസ്രായേൽ സൈന്യം ക്യാമ്പിലെ നിരവധി താമസകെട്ടിടങ്ങൾ രാത്രിയിൽ ഇടിച്ചു നിരത്തി
വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേർക്കുള്ള ഇസ്രായേൽ സൈനികാക്രമണം രണ്ടാം ഘട്ടത്തിൽ. കൂടുതൽ ബുൾഡോസറുകളുമായെത്തിയ ഇസ്രായേൽ സൈന്യം ക്യാമ്പിലെ നിരവധി താമസകെട്ടിടങ്ങൾ രാത്രിയിൽ ഇടിച്ചു നിരത്തി. ജനങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ സൈനിക നടപടി നിർത്തണമെന്ന യു.എൻ സെക്രട്ടറി ജനറലിെൻറ അഭ്യർഥന തള്ളിയ ഇസ്രായേൽ ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി.
പത്ത് ഫലസ്തീൻകാരുടെ മരണത്തിനും അറുപതിലേറെ പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രായേൽ സൈനികാക്രമണം തുടരുകയാണ്. ഫലസ്തീൻ കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ എണ്ണമറ്റ വസതികളാണ് സൈന്യം തകർത്തത്. അയ്യായിരത്തിലേറെ ഫലസ്തീൻകാരാണ് ഒറ്റ ദിവസം കൊണ്ട് ജെനിൻ ക്യാമ്പിൽ ഭവനരഹിതരായത്. മൂവായിരം പേരെ ക്യാമ്പിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ഫലസ്തീൻ റെഡ്ക്രസൻറ് അറിയിച്ചു
ഇറാൻ പിന്തുണയോടെ ക്യാമ്പിനുള്ളിൽ തമ്പടിച്ച ജെനിൻ ബ്രിഗേഡ് പോരാളി സംഘം ഇസ്രായേൽ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആക്രമണം ഉടനടി അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.
നൂറുകണക്കിന് ഫലസ്തീൻ യുവാക്കളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. ആയിരങ്ങൾ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകാൻ നിർബന്ധിതരായി. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ പോലും ഇസ്രായേൽ സൈന്യം അനുവദിക്കില്ലെന്ന് ഫലസ്തീൻ അതോറിറ്റി ആരോപിച്ചു. അന്തർദേശീയ സമൂഹം ഇടപെട്ടില്ലെങ്കിൽ വൻദുരന്തമാകും സംഭവിക്കുകയെന്ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ ് അബ്ബാസ് പറഞ്ഞു. അറബ് മുസ്ലിം ലോകവും ചില യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേൽ കടന്നുകയറ്റത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. എന്നാൽ സുരക്ഷ മുൻനിർത്തിയുള്ള ഇസ്രായേൽ നടപടിയിൽ അപാകതയില്ലെന്ന് അമേരിക്കയും ബ്രിട്ടനും പ്രതികരിച്ചു. അഭയാർഥി ക്യാമ്പിലെ സൈനിക നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് യു.എൻ പ്രതികരിച്ചു.
2002ലാണ് ഇതിനു മുമ്പ് ജെനിൻ ക്യാമ്പിനു നേർക്ക് ഇസ്രായേൽ ഏറ്റവും വലിയ സൈനിക നീക്കം നടത്തിയത്. അധിനിവിഷ്ട സൈന്യത്തിനെതിരെ സാധ്യമായ എല്ലാ ചെറുത്തുനിൽപ്പും തുടരുമെന്ന് ഇസലാമിക് ജിഹാദും ഹമാസും വ്യക്തമാക്കി.