ആക്രമണം തുടർന്ന് ഇസ്രായേൽ; ഗസ്സ ഉപരോധത്തിൽ അരങ്ങേറുന്നത് കൊടുംക്രൂരതകളെന്ന് യുഎൻ പ്രതിനിധി
|കമാൽ അദ്വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെയും ആക്രമണം നടന്നു.
ഗസ്സ: ഗസ്സയിലും ലബനാനിലും വ്യാപക ആക്രമണം തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലെ ഇസ്രായേൽ ഉപരോധത്തിൽ അരങ്ങേറുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളാണെന്ന് ഫലസ്തീൻ പ്രദേശത്തേക്ക് നിയോഗിക്കപ്പെട്ട മനുഷ്യാവകാശങ്ങൾക്കുള്ള യു.എൻ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനിസ് പറഞു. ഇസ്രായേലിന്‍റെ ഗസ്സ വംശഹത്യ ഭീകരമാണെന്നും അവർ കുറ്റപ്പെടുത്തി.
ബെയ്ത് ലാഹിയയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി. കമാൽ അദ്വാൻ, ഇന്തോനേഷ്യൻ ആശുപത്രികൾക്ക് നേരെയും ആക്രമണം നടന്നു. ആരോഗ്യ സംവിധാനങ്ങൾ തകർത്തും സഹായവസ്തുക്കൾ നിഷേധിച്ചും ആസൂത്രിത വംശഹത്യക്കാണ് ഇസ്രായേൽ നീക്കമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ലബനാൻ തലസ്ഥാന നഗരിയായ ബെയ്റൂത്തിനു നേരെ രാത്രി വ്യാപക ബോംബാക്രമണം നടന്നു. നിരവധി പേർ കൊല്ലപ്പെട്ടു. ബെയ്റൂത്തിലെ കുടുതൽ കെട്ടിടങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ദക്ഷിണ ലബനാൻ പ്രദേശങ്ങളിലും വ്യോമാക്രമണം ശക്തമാണ്.
ഇതിനിടെ, ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ നൂറിലേറെ മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. അതിനിടെ, ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്‍റെ പദ്ധതി ചോർന്നതിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടി മാരകമായിരിക്കുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി.