കൊവിഡ് വാക്‌സിൻ: നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാൻ ഇസ്രായേൽ
|60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനാണ് ഉദ്ദേശിക്കുന്നത്
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്താകെ പടരുന്ന സാഹചര്യത്തിൽ കൊവിഡ് 19 വാക്‌സിന്റെ നാലാമത്തെ ഡോസ് നൽകുന്ന ആദ്യത്തെ രാജ്യമാകാനൊരുങ്ങി ഇസ്രായേൽ. 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാനായി ആരോഗ്യവിദഗ്ധർ ശിപാർശ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പദ്ധതിയെ സ്വാഗതം ചെയ്യുകയും നാലാം ഡോസ് നൽകുന്നതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
ഒമിക്രോൺ ബാധിച്ച് ഒരു രോഗി മരിച്ചതിനെ തുടർന്നാണ് പുതിയ നടപടിയുമായി ഇസ്രായേൽ മുന്നോട്ട് വരുന്നത്. രാജ്യത്ത് ഏകദേശം 340 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നാലാമത്തെ ബൂസ്റ്റർ പുറത്തിറക്കാൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.മൂന്നാമത്തെ ഡോസ് കഴിഞ്ഞ് നാലുമാസത്തിന് ശേഷം നാലാമത്തെ ഡോസ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ലോകത്തെ വിഴുങ്ങുന്ന ഒമിക്രോൺ തരംഗത്തിലൂടെ കടന്നുപോകാൻ ഈ വാർത്ത ഞങ്ങളെ സഹായിക്കുമെന്ന് പ്രധാമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഈ അവസരം ജനങ്ങൾ എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഇസ്രായേലിലെ 9.3 ദശലക്ഷം ജനസംഖ്യയുടെ 63% പേർക്ക് മാത്രമേ രണ്ട് ഡോസുകൾ എടുത്തിട്ടൊള്ളൂ. രാജ്യത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് 14 വയസുള്ളവരാണ്. നവംബർ മുതൽ അഞ്ചുവയസ് മുതൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം രാജ്യം എടുത്തിരുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ യോഗ്യരായ എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകണമെന്നും പ്രധാമന്ത്രി നിർദേശം നൽകി. വൈറസ് ബാധ പടരുന്നത് തടയാൻ വേണ്ടി യുഎസ്, ജർമ്മനി, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീട്ടിയിട്ടുണ്ട്.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ പ്രകാരം ഇസ്രായേലിൽ കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ 1.36 ദശലക്ഷത്തിലധികം പേർ രോഗബാധിതരാകുകയും ഏകദേശം 8,200 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.