സഹായം തടഞ്ഞ് പട്ടിണിക്കിട്ട് ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി; 200ലേറെ പേർ കൊല്ലപ്പെട്ടു
|ജനങ്ങളെ പൂർണമായും വടക്കൻ ഗസ്സയിൽനിന്ന് പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് സഹായനിഷേധം.
ഗസ്സ/ബെയ്റൂത്ത്: സിവിലിയൻ കുരുതി ഒഴിവാക്കണമെന്ന യു.എന്നിന്‍റെയും ലോകരാജ്യങ്ങളുടേയും ആഹ്വാനം തള്ളിയ ഇസ്രായേൽ, ഗസ്സയിലും ലബനാനിലും വ്യാപക നരനായാട്ട് തുടരുന്നു. വടക്കൻ ഗസ്സയിൽ ജനങ്ങളെ പട്ടിണിക്കിട്ട് ക്രൂരത തുടരുകയാണ് ഇസ്രായേൽ. മേഖലയിൽ എട്ടു ദിവസങ്ങളായി ഇസ്രായേൽ തുടരുന്ന ഉപരോധത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്ത് ദിവസത്തോളമായി ഇവിടേക്കുള്ള സഹായ വസ്തുക്കൾ പൂർണമായി തടഞ്ഞിരിക്കുകയാണ് ഇസ്രായേൽ.
ജനങ്ങളെ പൂർണമായും വടക്കൻ ഗസ്സയിൽനിന്ന് പുറന്തള്ളുകയെന്ന പദ്ധതിയുടെ ഭാഗമാണ് സഹായനിഷേധം. ക്രൂരമായ വംശഹത്യയാണ് വടക്കൻ ഗസ്സയിൽ അരങ്ങേറുന്നതെന്നും എന്നാൽ ഇസ്രായേലിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുമെന്നും ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞു. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെ 30 പേർ കൊല്ലപ്പെട്ടു. പ്രദേശത്തേക്ക് വരുന്നതിൽനിന്ന് ആംബുലൻസുകളെയും മറ്റും സൈന്യം വിലക്കി.
ഇതുകൂടാതെ, ദക്ഷിണ ലബനാനിലും ബെയ്റൂത്തിലും നിരവധി ആക്രമണങ്ങൾ അരങ്ങേറി. രണ്ടാഴ്ച പിന്നിട്ടിട്ടും ഇസ്രായേൽ കരസേനയ്ക്ക് ലബനാനിൽ കാര്യമായ മുന്നേറ്റം നടത്താൻ കഴിയാത്തത് ഇസ്രായേലിന് തിരിച്ചടിയായി. ഹിസ്ബുല്ലയുടെ ശക്തമായ പ്രതിരോധമാണ് കാരണം. സൈനിക മുന്നേറ്റം പരാജയപ്പെട്ടതിന്‍റെ നിരാശയാണ് സിവിലിയൻ കുരുതിക്ക് ഇസ്രായേലിനെ പേരിപ്പിക്കുന്നതെന്ന് ഹിസ്ബുല്ല കുറ്റപ്പെടുത്തി.
ലബനാനിലെ മൈസറ, ദേർ ബലാഹ് എന്നിവിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ അഞ്ചാമത്തെ സമാധാന സേനാംഗത്തിന് വെടിയേറ്റ് പരിക്കേറ്റതായി ലബനാനിലെ യു.എൻ ഇടക്കാല സേന അറിയിച്ചു. പൊരുതുന്ന ലബനാന് പിന്തുണ പ്രഖ്യാപിച്ച് ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖലിബാഫ് വിമാനമാർഗം ബെയ്റൂത്തിൽ എത്തി. ബെയ്റൂത്തിലേക്ക് ഇറാൻ വക ഒരു വിമാനവും അനുവദിക്കില്ലെന്ന ഇസ്രായേൽ ഭീഷണി മറികടന്നാണ് സ്പീക്കറുടെ സന്ദർശനം.
ഹിസ്ബുല്ല നേതാക്കളുമായുൾപ്പെടെ ഇറാൻ സ്പീക്കർ ചർച്ച നടത്തി. പ്രതിസന്ധിഘട്ടത്തിൽ ലബനാൻ ജനതക്കൊപ്പം നിലയുറപ്പിക്കുമെന്ന് ഇറാൻ സ്പീക്കർ വ്യക്തമാക്കി. ഇതിനിടെ, ഇറാനു നേരെ പ്രത്യാക്രമണത്തിനൊരുങ്ങുന്ന ഇസ്രായേലിന് കൂടുതൽ ആയുധങ്ങളും സുരക്ഷാ സംവിധാനങ്ങളും അമേരിക്ക കൈമാറി. നൂതന വ്യോമപ്രതിരോധ സംവിധാനവും ഇതിൽ ഉൾപ്പെടുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷം പിന്നിട്ടിട്ടും ബന്ദികളുടെ മോചനം ഉറപ്പാക്കാൻ കഴിയാത്ത നെതന്യാഹു സർക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ബന്ധുക്കൾ പ്രതികരിച്ചു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ഇന്നലെ രാത്രിയും ആയിരങ്ങൾ തെൽ അവീവിൽ പ്രകടനം നടത്തി.