World
benjamin netanyahu
World

‘പള്ളികളെ നിയന്ത്രണത്തിലാക്കും, റഫയിൽ അധിനിവേശം നടത്തും’; ഗസ്സയിലെ ഭാവി പദ്ധതികളുടെ രേഖയുമായി ഇസ്രായേൽ

Web Desk
|
23 Feb 2024 1:07 PM GMT

യു.എൻ.ആർ.ഡബ്ല്യു.എയെ പിരിച്ചുവിട്ട് മറ്റു അന്താരാഷ്ട്ര സംഘടനകളെ കൊണ്ടുവരും

ഗസ്സയിലെ ഭാവി പദ്ധതികൾ സംബന്ധിച്ച രേഖ വാർ കാബിനറ്റിൽ അവതരിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മുൻനിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ ഇസ്രായേൽ അധിനിവേശ സേന ഗസ്സയിൽ യുദ്ധം തുടരുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഹമാസിന്റെ സൈനിക ശേഷികളെയും സർക്കാർ സംവിധാനങ്ങളെയും തകർക്കുകയാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ഹമാസിന്റെ കൈവശമുള്ള ബന്ദികളെയെല്ലാം സൈനിക നടപടികളിലൂടെ തിരിച്ചെത്തിക്കും. ഗസ്സയിൽനിന്നുള്ള ഭീഷണികൾ ഒഴിവാക്കാൻ സൈന്യം അനിശ്ചിതകാലം ഇവിടെ തുടരുകയും ചെയ്യും.

അതേസമയം, ഭാവിയിൽ ഗസ്സയിൽനിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കുമെന്നും ഇസ്രായേലുമായി സഹകരിക്കുന്ന പൊലീസ് സേനയെ നിലനിർത്തുമെന്നും രേഖയിലുണ്ട്. തെക്കേ അറ്റത്തുള്ള റഫയിൽ അധിനിവേശം ആരംഭിക്കുമെന്നതാണ് മറ്റൊരു കാര്യം.

ഗസ്സക്കും ഇസ്രായേലിനും ഇടയിൽ ബഫർ സോൺ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് രേഖയിൽ വ്യക്തമാക്കുന്നു. തീവ്ര ചിന്തകളിൽനിന്ന് ആളുകളെ തിരിച്ചുകൊണ്ടുവരാൻ പള്ളികളെ നിയന്ത്രണത്തിലാക്കുകയും വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റം വരുത്തുകയും ചെയ്യും.

വർഷങ്ങളായി ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ പിരിച്ചുവിടും. പകരം മറ്റു അന്താരാഷ്ട്ര സംഘടനകളെ കൊണ്ടുവരും.

സിവിലിയൻ കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രാദേശിക ഭരണകൂടം സ്ഥാപിക്കും. ഹമാസുമായി ബന്ധമുള്ള ആർക്കും ഇതിൽ പങ്കാളിത്തമുണ്ടാകില്ല. ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും ആളുകളെ തീവ്ര ചിന്താഗതിയിൽനിന്ന് മാറ്റുകയും ചെയ്തശേഷമേ ഗസ്സയുടെ പുനർനിർമാണം ആരംഭിക്കുകയുള്ളൂവെന്നും രേഖയിൽ വ്യക്തമാക്കുന്നു.

ഗസ്സയിലെ പദ്ധതികൾ നടപ്പാക്കാൻ വിവിധ രാജ്യങ്ങൾ ഇസ്രായേലിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതികളുടെ വിജയം ഉറപ്പാക്കാൻ നിരവധി സുപ്രധാന മേഖലകളിൽ ഈ രാജ്യങ്ങൾ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നു.

വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഫലസ്തീനുമായുള്ള ശാശ്വതമായ ഒത്തുതീർപ്പിനെക്കുറിച്ചുള്ള എല്ലാ അന്താരാഷ്ട്ര നിർദ്ദേശങ്ങളും ഇസ്രായേൽ നിരസിക്കുന്നു. മുൻവ്യവസ്ഥകളില്ലാതെ കക്ഷികൾ തമ്മിലെ നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ ഒത്തുതീർപ്പിൽ എത്തിച്ചേരാവൂ. ഫലസ്തീൻ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിക്കുന്നതിനെ ഇസ്രായേൽ എതിർക്കുന്നത് തുടരുമെന്നും രേഖയിൽ വ്യക്തമാക്കുന്നു. സുരക്ഷ കാബിനറ്റിലെ അംഗങ്ങൾക്കിടയിൽ രേഖ സംബന്ധിച്ച് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ച ​രാവിലെയാണ് ഈ രേഖ മാധ്യമങ്ങൾക്ക് നൽകിയത്.

Similar Posts