ഗസ്സ കീഴടക്കാനോ ഭരിക്കാനോ ഇസ്രായേല്‍ ഉദ്ദേശിക്കുന്നില്ല: നെതന്യാഹു
|ഗസ്സയിൽ വീണ്ടും പ്രവേശിക്കാനും കൊലയാളികളെ വകവരുത്താനും ഇസ്രായേൽ സൈന്യം സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു
ജറുസലെം: ഹമാസിനെതിരായ യുദ്ധത്തിനുശേഷം ഗസ്സ കീഴടക്കാനോ ഭരിക്കാനോ തന്റെ രാജ്യം ശ്രമിക്കുന്നില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.ഗസ്സയിൽ വീണ്ടും പ്രവേശിക്കാനും കൊലയാളികളെ വകവരുത്താനും ഇസ്രായേൽ സൈന്യം സജ്ജരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു ഈയിടെ പറഞ്ഞിരുന്നു. "ഞങ്ങൾ ഗസ്സ കീഴടക്കാൻ ശ്രമിക്കുന്നില്ല, ഗസ്സ പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ല, ഗസ്സ ഭരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല." നെതന്യാഹു വ്യാഴാഴ്ച ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഗസ്സയില്‍ ഒരു സിവിലിയൻ സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്നും എന്നാൽ ഒക്ടോബർ 7ന് ഉണ്ടായതു പോലെ ഒരു ആക്രമണം ഇനി ഉണ്ടാകില്ലെന്ന് ഇസ്രായേൽ ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. "അതിനാൽ, ആവശ്യമെങ്കിൽ ഗസ്സയിൽ പ്രവേശിച്ച് കൊലയാളികളെ കൊല്ലാൻ ഞങ്ങൾക്ക് വിശ്വസനീയമായ ഒരു ശക്തി ഉണ്ടായിരിക്കണം. കാരണം അത് ഹമാസിനെപ്പോലെയുള്ള ഒരു വിഭാഗത്തിന്റെ പുനരുജ്ജീവനത്തെ തടയും," നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഫലസ്തീൻ പ്രദേശം വീണ്ടും പിടിച്ചെടുക്കാൻ ഇസ്രായേൽ പദ്ധതിയിടുന്നില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി. “ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർത്ഥമാക്കുന്നത്,” അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു, സൈനിക ആക്രമണത്തിന് “ടൈംടേബിൾ” ഇല്ലായിരുന്നു.ഇസ്രായേൽ സൈന്യം മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.എത്ര സമയമെടുത്താലും ഞങ്ങൾ അത് ചെയ്യും'' നെതന്യാഹു പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 10,800 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.