ചൈനീസ് ഓൺലൈൻ മാപ്പുകളിൽനിന്ന് ഇസ്രായേൽ പുറത്തെന്ന് റിപ്പോര്‍ട്ട്
|ലക്‌സംബർഗ് ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളുടെ പേരടക്കം രേഖപ്പെടുത്തിയ മാപ്പില്‍നിന്നാണ് ഇസ്രായേലിന്റെ പേര് അപ്രത്യക്ഷമായിരിക്കുന്നത്
ബെയ്ജിങ്: ഇസ്രായേലിലെ മുൻനിര ഡിജിറ്റൽ മാപ്പുകളിൽനിന്ന് ഇസ്രായേലിനെ നീക്കംചെയ്തതായി റിപ്പോർട്ട്. ബഹുരാഷ്ട്ര ചൈനീസ് ടെക് കമ്പനികളായ ആലിബാബയുടെയും ബായ്ഡുവുമാണ് തങ്ങളുടെ ഓൺലൈൻ മാപ്പുകളിൽനിന്ന് ഇസ്രായേലിനെ വെട്ടിയതെന്ന് 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്രതലത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ട ഇസ്രായേൽ അതിർത്തികളും ഫലസ്തീൻ പ്രദേശങ്ങളും പ്രധാന നഗരങ്ങളും മാപ്പിലുണ്ടെങ്കിലും രാജ്യത്തിന്റെ പേര് വ്യക്തമാക്കുന്നില്ല. ആലിബാബയുടെ അമാപ്പ് എന്ന ആപ്പിൽ ലക്‌സംബർഗ് ഉൾപ്പെടെയുള്ള ചെറിയ രാജ്യങ്ങളുടെ പേരുപോലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
ആപ്പുകളിൽനിന്ന് ചൈനീസ് പേര് ഒഴിവാക്കിയത് പുതിയ നീക്കമാണോ എന്നു വ്യക്തമല്ല. എന്നാൽ, യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകളിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ തലപൊക്കിയതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പുതിയ വിവാദത്തിൽ ആലിബാബയും ബായ്ഡുവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ പശ്ചിമേഷ്യൻ പ്രശ്‌നത്തിൽ ചൈന ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ചിരുന്നു. മാവോ സേതൂങ്ങിന്റെ കാലം മുതൽ തുടരുന്ന നിലപാടാണ് ചൈന ആവർത്തിച്ചു വ്യക്തമാക്കിയത്. ദ്വിരാഷ്ട്രമാണ് പരിഹാരമെന്നും അതിനുള്ള നടപടികളുണ്ടായാൽ പ്രശ്‌നം ഉടനടി അവസാനിപ്പിക്കാനാകുമെന്നും അടുത്തിടെ വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് പ്രതികരിച്ചത്.
അതേസമയം, ഇസ്രായേലിനോടും ഹമാസിനോടും വെടിനിർത്തലിനു തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ അമേരിക്ക ഉൾപ്പെടെ പുറത്തുനിന്നുള്ള കക്ഷികൾ ഇടപെടുന്നതിനെതിരെയും ചൈന രംഗത്തെത്തിയിരുന്നു.
Summary: Israel ‘dropped’ from digital maps released by Chinese tech companies, Alibaba and Baidu.