ഗസ്സയിൽ ഇസ്രായേൽ വർഷിച്ചത് ഹിരോഷിമയിലെ അണുബോംബിനേക്കാൾ മൂന്നിരട്ടി സ്ഫോടക വസ്തുക്കൾ
|അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ഒമ്പത് മിസൈലുകളും ഇസ്രായേൽ ഉപയോഗിച്ചിട്ടുണ്ട്
ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ ഇസ്രായേൽ വർഷിച്ചത് 65,000 ടൺ സ്ഫോടക വസ്തുക്കളും മിസൈലുകളും. ഇത് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക വർഷിച്ച അണുബോംബിനേക്കാൾ മൂന്നിരട്ടി ശേഷിയുള്ളതാണെന്ന് ഗസ്സയിലെ സർക്കാർ മീഡിയ ഓഫീസ് പറയുന്നു.
45,000 മിസൈലുകളും അതിഭീകര ബോംബുകളുമാണ് യുദ്ധവിമാനങ്ങളിൽനിന്ന് വർഷിച്ചത്. ഇവയിൽ പലതും 2000 പൗണ്ട് ഭാരമുള്ള സ്ഫോടക വസ്തുക്കൾ ഉൾപ്പെട്ടവയാണ്.
സാധാരണ ജനങ്ങളെയാണ് മിസൈലുകൾ കൂടുതലും ലക്ഷ്യമിടുന്നത്. ഇത് കൂടാതെ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച, ഏകദേശം ഒമ്പത് മിസൈലുകളും അധിനിവേശ ശക്തി വർഷിച്ചു കഴിഞ്ഞു.
ഇതിൽ വൈറ്റ് ഫോസ്ഫറസ് പോലുള്ളവയുടെ ആവർത്തിച്ചുള്ള പ്രയോഗം ഏറെ വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. അതേസമയം, ഗസ്സയിൽ ഇസ്രായേൽ അതിക്രൂരമായ രീതിയിൽ വംശഹത്യ നടത്തിയിട്ടും അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനായിട്ടില്ലെന്നും സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 22,438 പേരാണ് കൊല്ലപ്പെട്ടത്. 57,614 പേർക്ക് പരിക്കേറ്റു.
കൂടാതെ ഗസ്സയിലെ പകുതിയോളം കെട്ടിടങ്ങളും 70 ശതമാനം വീടുകളും ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്നുകഴിഞ്ഞു. വീടുകളും കെട്ടിടങ്ങളും തകർന്നാണ് ഗസ്സയിൽ കൂടുതൽ പേരും കൊല്ലപ്പെട്ടത്.
ആശുപത്രികൾ, സ്കൂളുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഫാക്ടറികൾ, പ്രാർത്ഥനാലയങ്ങൾ എന്നിവയെല്ലാം തകർത്തവയിൽ ഉൾപ്പെടും. ഗസ്സയിലെ 36 ആശുപത്രികളിൽ എട്ടെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്.