ലബനാനിൽ വ്യാപക വ്യോമാക്രമണം തുടർന്ന് ഇസ്രായേൽ; മരണം 492 ആയി
|ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകിയെ വധിച്ചുവെന്ന ഇസ്രായേലി അവകാശവാദങ്ങൾ തെറ്റാണെന്ന് ഹിസ്ബുല്ല
ബെയ്റൂത്ത്: ലബനാന് നേരെയുള്ള ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണങ്ങളില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 492 ആയി. ഇതില്‍ 35 കുട്ടികളും ഉള്‍പ്പെടും. 1065 പേർക്കാണ് പരിക്കേറ്റത്.
അതേസമയം, ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ അലി കറാകിയെ വധിച്ചുവെന്ന ഇസ്രായേലി അവകാശവാദങ്ങൾ തെറ്റാണെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു.
'' അലി കറാകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ അവകാശവാദങ്ങൾ തെറ്റാണ്. കമാൻഡർ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്''- ഹിസ്ബുല്ല വ്യക്തമാക്കി.
ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കറാകി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കറാകിയെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്.
ഗസ്സയിലേതിനു സമാനമായി ലബനാനിലും സാധാരണക്കാർക്കു നേരെയാണ് ഇസ്രായേലിന്റെ ആക്രമണം. വീടുകൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും വ്യാപാര- താമസ കെട്ടിടങ്ങൾക്കും നേരെയാണ് ഇസ്രായേൽ സേന ആക്രമണം അഴിച്ചുവിടുന്നത്. പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ആബുലൻസുകളെ പോലും ഇസ്രായേൽ സൈന്യം വെറുതിവിടുന്നില്ലെന്നും ആക്രമണം ഭയന്ന് വാഹനങ്ങളിൽ കയറി രക്ഷപ്പെടുന്നവരെയും ആക്രമിക്കുകയാണെന്നും ആരോഗ്യമന്ത്രി ഫിറാസ് അബ്‌യാദ് പറഞ്ഞു.
ഇതിനിടെ ലോക നേതാക്കളും ഐക്യരാഷ്ട്രസഭയും ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തി. ലബനാനിലെ ഇസ്രയേലിൻ്റെ ആക്രമണം മുഴുവൻ പ്രദേശത്തെയും അരാജകത്വത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് തുർക്കി മുന്നറിയിപ്പ് നൽകി.
അതേസമയം വ്യോമാക്രമണങ്ങള്‍ക്ക് ഇസ്രായേലിന് ഹിസ്ബുല്ലയും തിരിച്ചടി നല്‍കി. വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകൾ തൊടുത്തു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്യുന്നു. റോക്കറ്റുകൾ പതിച്ച സാഹചര്യത്തിൽ ഹൈഫയിലടക്കം ഇസ്രായേൽ മുന്നറിയിപ്പ് സൈറൻ മുഴക്കി. ഹിസ്ബുല്ല റോക്കറ്റ് ആക്രമണം വ്യാപിപ്പിച്ചതിനാൽ വടക്കൻ ഇസ്രായേലിലുടനീളവും അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ വടക്കൻ ഭാഗത്തും മുന്നറിയിപ്പ് സൈറൻ മുഴക്കിയതായി സൈന്യം അറിയിച്ചു.