ഡബ്ല്യു.എച്ച്.ഒയ്ക്കും ഇസ്രായേൽ മുന്നറിയിപ്പ്; ഗസ്സയിലെ മരുന്ന് സംഭരണകേന്ദ്രത്തിനുനേരെയും ആക്രമണത്തിനു സാധ്യത
|ഗസ്സയിൽ പ്രവർത്തിച്ചുവന്നിരുന്ന 36 ആശുപത്രികളിൽ പകുതിയും കഴിഞ്ഞ 60 ദിവസത്തിനിടെ പ്രവർത്തനരഹിതമായിട്ടുണ്ട്
ഗസ്സ: കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ സഹായം എത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രം ഒഴിപ്പിക്കാൻ ഇസ്രായേൽ സമ്മർദം ചെലുത്തിയെന്ന് ലോകാരോഗ്യ സംഘടന. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ(ഡബ്ല്യു.എച്ച്.ഒ) ഡയരക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രയേസസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദക്ഷിണ ഗസ്സയിലെ മെഡിക്കൽ സംഭരണകേന്ദ്രത്തിൽനിന്നുള്ള സാധനങ്ങൾ 24 മണിക്കൂറിനകം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സസിന്റെ ഒരു അറിയിപ്പ് ഇന്ന് ഡബ്ല്യു.എച്ച്.ഒയ്ക്ക് കിട്ടി. കരയാക്രമണത്തിൽ ഇതു നശിക്കുമെന്നു പറഞ്ഞാണ് മുന്നറിയിപ്പെന്നും 'എക്‌സ്' പോസ്റ്റിൽ ടെഡ്രോസ് പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് അദ്ദേഹം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. സിവിലിയന്മാരെയും ആശുപത്രികളും മാനുഷികസഹായ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ കെട്ടിടങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ തലവൻ ആവശ്യപ്പെട്ടു.
എന്നാൽ, ഫലസ്തീനിലെ കാര്യങ്ങളുടെ ഏകീകരണത്തിന്റെ ചുമതലയുള്ള കോഗാട്ട് എന്ന പേരിലുള്ള ഇസ്രായേൽ വിഭാഗം ടെഡ്രോസിന്റെ വെളിപ്പെടുത്തൽ നിഷേധിച്ചട്ടുണ്ട്. ഇസ്രായേൽ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റാനുള്ള നീക്കം വെസ്റ്റ് ബാങ്ക്, ഗസ്സ മുനമ്പ് എന്നിവിടങ്ങളിലെ ഡബ്ല്യു.എച്ച്.ഒ ഓഫിസ് അറിയിച്ചു.
നിരന്തരമുള്ള ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾക്ക് ആരോഗ്യസേവനങ്ങൾ നിലയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പുണ്ട്. ഗസ്സയിൽ പ്രവർത്തിച്ചുവന്നിരുന്ന 36 ആശുപത്രികളിൽ പകുതിയും കഴിഞ്ഞ 60 ദിവസത്തിനിടെ പ്രവർത്തനരഹിതമായിട്ടുണ്ട്.
Summary: WHO says Israel forced it to remove medical supplies from Gaza warehouse