World
Israel-Hamas clashes in Gaza intensify
World

ഗസ്സയിൽ ഇസ്രായേൽ -ഹമാസ് ഏറ്റുമുട്ടൽ രൂക്ഷം

Web Desk
|
31 Oct 2023 1:46 PM GMT

ഗസ്സയിൽ കരയാക്രമണം വഴി ഒരു സൈനികയെ മോചിപ്പിച്ചെന്ന അവകാശവാദവുമായി ഇസ്രായേൽ

ഗസ്സയിൽ ഏറ്റുമുട്ടൽ രൂക്ഷം. വടക്കൻ ഗസ്സയിലെ പലയിടങ്ങളിലും ഇസ്രായേൽ സേനയും ഹമാസും തമ്മിൽ കനത്ത പോരാട്ടം തുടരുകയാണ്. ഹമാസ് കമാൻഡർ ഉൾപ്പെടെ നിരവധി പേരെ വധിച്ചതായാണ് ഇസ്രായേൽ പറയുന്നത്. മൂന്ന് ഇസ്രായേലി ടാങ്കുകൾ തകർത്തതായി ഹമാസും അവകാശപ്പെട്ടു.

കരയാക്രമണത്തോടൊപ്പം ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രണവും ശക്തമാണ്. ഓരോ ദിവസവും ഗസ്സയിൽ 420 കുട്ടികൾ കുട്ടികൾ കൊല്ലപ്പെടുന്നുവെന്ന യുനിസെഫ് അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നൂറുക്കണക്കിന് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ പുറത്തെടുക്കാൻ മണ്ണുമാന്തി യന്ത്രമോ ഇന്ധനമോയില്ല. ഭക്ഷണത്തിനും വെള്ളത്തിനുമടക്കം കടുത്ത ക്ഷാമം തുടരുകയാണ്. കടൽവെള്ളം കുടിച്ചാണ് പലരും ജീവൻ നിലനിർത്തുന്നത്. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ഇന്നും ആവർത്തിച്ചു. ഇപ്പോൾ വെടിനിർത്തുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്ല്യമാണെന്നാണ് നെതന്യാഹുവിന്റെ പ്രസ്താവന. അതേസമയം, വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ പിടിച്ചുകൊണ്ടുപോയവരുടെ എണ്ണം 1680 ആയി.

അതിനിടെ, ഇസ്രായേൽ നഗരമായ എയിലത്തിൽ യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോൺ വിക്ഷേപിച്ച് ഉത്തരവാദിത്തം ഏറ്റെടുത്തു. ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രായേൽ സൈന്യവും അറിയിച്ചു.

ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ലയുടെ ആക്രമണവും തുടരുകയാണ്. ഹിസ്ബുല്ലയുടെ ചില സേനാകേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ ദോഹയിലെത്തി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി.

സൈനികയെ മോചിപ്പിച്ചെന്ന് ഇസ്രായേൽ

ഗസ്സയിൽ കരയാക്രമണം വഴി ഒരു സൈനികയെ മോചിപ്പിച്ചെന്ന അവകാശവാദവുമായി ഇസ്രായേൽ. ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയ ഒറി മെഗിദിഷ് എന്ന സൈനികയെ മോചിപ്പിച്ചെന്നാണ് ഇസ്രായേൽ അവകാശവാദം. എന്നാൽ ഹമാസ് ഇക്കാര്യം സ്ഥിരീകരിച്ചില്ല. അതിനിടെ, ബന്ദികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഹമാസ് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചു.

'മിസ്റ്റർ നെതന്യാഹു, നിങ്ങൾക്ക് ഞങ്ങളെ കൊല്ലണോ? ഹമാസ് മിന്നലാക്രമണ സമയത്ത് ആരുമെത്തിയില്ല, ഞങ്ങൾ ഒറ്റക്കായിരുന്നു, അവരുടെ തടവുകാരെ വിട്ടുനൽകൂ, പകരം ഞങ്ങളെ മോചിപ്പിക്കൂ' ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രായേലി സ്ത്രീകളുടെ വാക്കുകളാണിവ. ദൃശ്യങ്ങൾ പുറത്തുവിട്ടത് പ്രൊപ്പഗണ്ടയെന്ന വാദം തുടരുമ്പോഴും ബന്ദികളുടെ മോചനം വേഗമാക്കണമെന്ന ആവശ്യം ഇസ്രായേലിൽ ശക്തമായി തുടരുകയാണ്. ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്ന് ബന്ധുക്കൾ ഇന്നും ആവശ്യപ്പെട്ടു.

അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ബന്ദികൾ സുരക്ഷിതരല്ലെന്ന് ഹമാസ് അറിയിച്ചു. ബന്ദികളുടെ മോചനം ലക്ഷ്യമിട്ട് മൊസ്സാദ് തലവൻ ഖത്തറിലെത്തി. ഹമാസ് ബന്ദിയാക്കിയ ജർമൻ യുവതി ഷാനി ലൌക് മരിച്ചെന്ന് അമ്മ അറിയിച്ചെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തലയോട്ടി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയാണ് മരണം സ്ഥിരീകരിച്ചതെന്നാണ് ഇസ്രായേൽ അറിയിച്ചത്.

Israel-Hamas clashes in Gaza intensify

Similar Posts