ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും; അത് പശ്ചിമേഷ്യയിൽ ഒതുങ്ങില്ല: പുടിൻ
|ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോസ്‌കോ: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമാകുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ. അങ്ങേയറ്റം വിനാശകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്നതാണ് സംഘർഷമെന്നും അത് പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്നും പുടിൻ പറഞ്ഞു. ഇസ്രായേൽ കരയുദ്ധത്തിലേക്ക് കടക്കുന്നതിനിടെയാണ് എല്ലാം പശ്ചിമേഷ്യയിൽ ഒതുങ്ങില്ലെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയത്.
BREAKING: 🇷🇺 Putin says escalation of the Israel-Hamas conflict is 'fraught with grave and extremely dangerous and destructive consequences' which could 'spill over far beyond the borders of the Middle East'.
— The Spectator Index (@spectatorindex) October 26, 2023
അതിനിടെ ഇസ്രായേലിന് ശക്തമായ താക്കീതുമായി ഇറാനും രംഗത്തെത്തി. ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടുമെന്ന് ഇറാൻ താക്കീത് നൽകി. ഇസ്രായേലിനെ സംരക്ഷിച്ചു നിർത്താൻ മേഖലക്ക് തീ കൊളുത്തുകയാണ് അമേരിക്ക. പടിഞ്ഞാറൻ ശക്തികളെ കാത്തിരിക്കുന്നത് പരാജയമാണ്. ഗസ്സയിൽ കുരുതി തുടർന്നാൽ സമവാക്യം മാറിമറിയുമെന്നും കൊളുത്തിയ തീ അവർക്ക് കെടുത്താനാകില്ലെന്നും ഇറാൻ സൈനിക മേധാവി പറഞ്ഞു.
വടക്കൻ ഗസ്സയിൽ ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചെന്നും പോരാളികളെ വധിച്ചെന്നും ഇസ്രായേൽ അവകാശപ്പെട്ടു. വ്യോമാക്രമണം നടത്തിവന്ന ഇസ്രായേൽ കഴിഞ്ഞ ദിവസങ്ങളിൽ കരമാർഗം ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.