അൽ അഹ്‌ലി ആശുപത്രി തകർത്തത് ഹമാസെന്ന് ഇസ്രായേലിന്റെ നുണപ്രചാരണം
|ഇന്ത്യന്‍ മാധ്യമങ്ങള്‍ അടക്കം ഈ പ്രചാരണം ഏറ്റുപിടിച്ചു
ജറുസലേം: അൽ അഹ്‌ലി അറബ് ഹോസ്പിറ്റലിൽ ബോംബിട്ടത് ഹമാസാണെന്ന ഇസ്രായേൽ വാദം പൊളിച്ചടുക്കി സമൂഹമാധ്യമങ്ങൾ. ആഗോളസമൂഹത്തെ നടുക്കിയ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളും അടക്കം 500 ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒരു ദശാബ്ദത്തിനിടെ ആശുപത്രികൾക്കു നേരെ ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ ആക്രമണത്തിലാണ് സയണിസ്റ്റ് രാഷ്ട്രം കൈ കഴുകാനുള്ള ശ്രമം നടത്തിയത്.
ആക്രമണത്തിന് പിന്നാലെ, ഗസ്സയിലെ ആശുപത്രിക്ക് അകത്തെ ഹമാസ് ഭീകര താവളം ഇസ്രായേലി വ്യോമ സേന തകർത്തു എന്നാണ് ഇസ്രായേൽ ഗവൺമെന്റ് ഡിജിറ്റൽ വക്താവ് ഹനന്യ നഫ്താലി എക്‌സിൽ (നേരത്തെ ട്വിറ്റർ) അറിയിച്ചത്. ആശുപത്രികൾ, പള്ളികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഹമാസ് റോക്കറ്റുകൾ തൊടുക്കുന്നതും സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതും ഹൃദയഭേദകമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഉന്നം തെറ്റിവന്ന ഹമാസ് റോക്കറ്റാണ് അത്യാഹിതത്തിന് കാരണമെന്ന ഇസ്രായേൽ വാദം വന്നതോടെ ഈ പോസ്റ്റ് ഹനന്യ ഡിലീറ്റ് ചെയ്തു.
'ഇസ്‌ലാമിക് ജിഹാദ് ഭീകര സംഘടനയായ' ഹമാസിന്റെ ഉന്നം തെറ്റിയ റോക്കറ്റാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പിന്നീട് എക്‌സിൽ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ഐഡിഎഫ് വക്താവ് പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ് എഡിറ്റ് ചെയ്ത് വീഡിയോ അതിൽ നിന്ന് നീക്കം ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട ഒരു ദൃശ്യവും ഇല്ലാത്തതിനാലാണ് വീഡിയോ ഡിലീറ്റ് ചെയ്തത്.
ഫരീദ ഖാൻ എന്ന വ്യാജ എക്‌സ് അക്കൗണ്ടിൽനിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കപ്പെട്ടു. അൽ ജസീറ ഇംഗ്ലീഷ് ചാനലിന്റെ ഗസ്സ റിപ്പോർട്ടർ എന്നാണ് ഈ യൂസർ ബയോയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഹമാസിന്റെ 'അയ്യാഷ് 250 റോക്കറ്റുകൾ പതിച്ചാണ് ആശുപത്രിയിൽ ആക്രമണമുണ്ടായത്' എന്നാണ് ഈ യൂസർ അവകാശപ്പെട്ടിരുന്നത്. അൽ ജസീറ കള്ളം പറയുകയാണ് എന്നും മിസൈൽ ആശുപത്രിയിൽ പതിക്കുന്നതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നും യൂസർ അവകാശപ്പെട്ടിരുന്നു.
ഫരീദ ഖാൻ എന്ന എക്‌സ് യൂസർക്ക് തങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് പിന്നീട് അൽ ജസീറ പ്രസ്താവനയിൽ വ്യക്തമാക്കി. വ്യാജവാർത്തകളിൽ ജാഗ്രത വേണമെന്നും അൽ ജസീറ പിആർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഗസ്സ, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ വിഷയങ്ങളിൽ നിരവധി വ്യാജ പോസ്റ്റുകൾ പങ്കുവച്ച ബോട്ട് അക്കൗണ്ടാണിതെന്ന് പിന്നീട് മുഹമ്മദ് സുബൈർ അടക്കമുള്ള ഫാക്ട് ചെക്കർമാർ കണ്ടെത്തി.
ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങളും ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം എന്നാണ് ആദ്യം വാർത്ത നൽകിയത്. പിന്നീട് ഗസ്സ ആശുപത്രിയിലെ സ്‌ഫോടനത്തിൽ നൂറു കണക്കിന് പേർ മരിച്ചു എന്നാക്കി മാറ്റി.
ആശുപത്രിയിൽ ബോംബിട്ടത് ഹമാസ് ആണ് എന്നതിന് തെളിവൊന്നുമില്ലെന്ന് യുഎസ് മാധ്യമമായ എംഎസ്എൻബിസിയുടെ ഇസ്രായേൽ റിപ്പോർട്ടർ പറയുന്നു. 'ഇസ്രായേലിന്റെ അവകാശവാദത്തിനുള്ള ഒരു തെളിവും ഞങ്ങൾ കണ്ടില്ല. ഫലസ്തീൻ റോക്കറ്റുൾക്ക് ഇത്ര വലിയ നഷ്ടമുണ്ടാക്കാൻ കഴിയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. അൽ അഹ്‌ലി ആശുപത്രി തകർത്തത് ഇസ്രായേൽ ബോംബ് തന്നെയാണെന്ന് മറൈൻ കോർപ്‌സ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ആംഗ്ലിക്കൻ കമ്യൂണിയൻ നടത്തുന്ന ആശുപത്രി
ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രൂപ്പായ ആംഗ്ലിക്കൻ കമ്യൂണിയൻ നടത്തുന്ന ആശുപത്രിയാണ് ഗസ്സ നഗരത്തിലെ അൽ അഹ്‌ലി. 80 ബെഡുള്ള ആശുപത്രിയിൽ പ്രതിമാസം 3500 പേർ ചികിത്സയ്ക്കായി എത്തുന്നു എന്നാണ് കണക്ക്. ഒരു മാസം മുന്നൂറ് ശസ്ത്രക്രിയകളും നടക്കാറുണ്ട്. ഗസ്സയിലെ ഏക ക്രിസ്ത്യൻ നിയന്ത്രിത ചികിത്സാ കേന്ദ്രം കൂടിയാണിത്.
1882ലാണ് ആശുപത്രി സ്ഥാപിക്കപ്പെട്ടത്. സമീപപ്രദേശങ്ങളിലുള്ള ആളുകൾക്ക് സൗജന്യമായി ഭക്ഷണവും മരുന്നും ആശുപത്രി അധികൃതർ എത്തിക്കാനുണ്ട്. ആംഗ്ലിക്കൻ കമ്യൂണിയൻ വാർത്താ സർവീസായ എസിഎൻഎസ് പറയുന്നത് പ്രകാരം ഇസ്രായേൽ ആക്രമണത്തിലാണ് ആശുപത്രി തകർന്നത്. രണ്ടു നിലകൾ സമ്പൂർണമായി തകർന്നതായി അവരുടെ വെബ്‌സൈറ്റ് പറയുന്നു.
വടക്കൻ ഗസ്സയിൽ ഇസ്രായേൽ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട 20 ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്.