ഗസ്സ പിടിച്ചെടുക്കാൻ വൻസന്നാഹവുമായി ഇസ്രായേൽ;ആശുപത്രികളിലും സ്കൂളുകളിലും ആക്രമണം, മരണസംഖ്യ 1400 കവിഞ്ഞു
|ചരിത്രത്തിൽ തുല്യതയില്ലാത്ത ഇസ്രയേൽ വ്യോമാക്രമണത്തിനാണ് ഗസ്സ സാക്ഷിയാകുന്നത്
ഗസ്സ: സമ്പൂർണ ഉപരോധത്തിലായ ഗസ്സക്കു നേരെ കരയുദ്ധത്തിനുള്ള സന്നാഹങ്ങൾ ശക്തമാക്കി ഇസ്രായേൽ. ഗസ്സയുടെ നിരവധി കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആക്രമണങ്ങൾ രാത്രിയും തുടർന്നു. ഇരുഭാഗത്തുമായി ആൾനാശം 1400 കവിഞ്ഞു. അയ്യായിരത്തിനും മുകളിലാണ് പരിക്കേറ്റവരുടെ എണ്ണം.
ചരിത്രത്തിൽ തുല്യതയില്ലാത്ത ഇസ്രയേൽ വ്യോമാക്രമണത്തിനാണ് ഗസ്സ സാക്ഷിയാകുന്നത്. ആശുപത്രികൾ, സ്കൂളുകൾ, ആംബുലൻസ് കേന്ദ്രങ്ങൾ, സിവിലിയൻ താമസ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളിൽ അധികവും. മൂന്നു ലക്ഷം റിസർവ് സൈനികരെയാണ് ഗസ്സ പിടിക്കാൻ ഇസ്രയേൽ സജ്ജമാക്കുന്നത്. ഇസ്രയേലിനുള്ളിലെത്തിയ ഹമാസ് പോരാളികളെ അമർച്ച ചെയ്യാനുള്ള നീക്കവും സൈന്യം തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിന് തടവിലുള്ള ഓരോ ഇസ്രയേലികളെയും കൊന്ന് തിരിച്ചടിക്കുമെന്ന് ഹമാസ് താക്കീത് ചെയ്തു. ദക്ഷിണ ലബനാനു നേരെ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു. രണ്ട് ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല തിരിച്ചടിച്ചു.
ഏതൊരു നടപടിക്കും സജ്ജമായിരിക്കാൻ ഹിസ്ബുല്ല തങ്ങളുടെ പോരാളികൾക്ക് നിർദേശം നൽകി. ഇസ്രായേലിനു നേർക്കുള്ള ഹമാസ് റോക്കറ്റ് വര്‍ഷം ഇന്ന് വെളുപ്പിനും തുടർന്നു. 86 സൈനികർ ഉൾപ്പെടെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലികളുടെ എണ്ണം 900 ആയി. ഗസ്സയിലും മരണസംഖ്യ കുത്തനെ ഉയർന്നു. 600ൽ ഏറെ പേർ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലമുറകൾ ഓർക്കുന്ന കനത്ത പ്രഹരമാകും ശത്രുവിന് നൽകുകയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നൽകി.
ദീർഘകാല യുദ്ധത്തിന് തങ്ങളും സജ്ജമാണെന്ന് ഹമാസ് സൈനിക വിഭാഗം പറഞ്ഞു. ആക്രമണം തുടരുമ്പോൾ ബന്ദികളാക്കപ്പെട്ടവരുടെ കാര്യത്തിൽ ചർച്ചക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. പ്രകോപനപരമായ പ്രസ്താവനയുടെ പേരിൽ ഇസ്രയേൽ പ്രതിരോധ മന്ത്രിക്കെതിരെ യുദ്ധകുറ്റ പ്രേരണക്ക് നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.