പലായനം ചെയ്യുന്ന സാധാരണക്കാരെയും വെറുതെ വിടാതെ ഇസ്രായേല്‍; തെക്കൻ ഗസ്സയിലേക്കുള്ള യാത്രക്കിടെ കൊല്ലപ്പെട്ടത് 70 പേര്‍
|ആക്രമണം ആസൂത്രിതമാണോ എന്ന് സംശയിക്കുകയാണിപ്പോൾ ഗസ്സക്കാർ
തെല്‍ അവിവ്: ഗസ്സയിൽ പലായനം ചെയ്യുന്ന സാധാരണക്കാരെയും ഇസ്രായേൽ ബോംബിട്ട് കൊല്ലുന്നുണ്ട്. കഴിഞ്ഞ ദിവസം തെക്കൻ ഗസ്സയിലേക്കുള്ള യാത്രക്കിടെ 70 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം ആസൂത്രിതമാണോ എന്ന് സംശയിക്കുകയാണിപ്പോൾ ഗസ്സക്കാർ.
ഒക്ടോബർ 13 - വെള്ളിയാഴ്ച...രാത്രി എട്ടിനുള്ളിൽ ഗസ്സ സിറ്റി ഒഴിഞ്ഞ് തെക്കൻ ഗസ്സ താഴ്വരയിലേക്ക് പോകണമെന്ന് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിൽ സുരക്ഷിത പാതകളും ഇസ്രായേൽ നൽകിയിരുന്നു. ആകാശത്ത് നിന്ന് അച്ചടിച്ച മുന്നറിയിപ്പ് ലഭിച്ച ഉടനെ കുഞ്ഞുങ്ങളും ഗർഭിണികളുമുൾപ്പെടെ ഒരു ജനത കയ്യിൽകിട്ടിയത് വാരിയെടുത്ത് പലായനം ആരംഭിച്ചു.
ലോകം പിന്നീട് കണ്ടത് ഉന്തുവണ്ടികളിൽ പലചരക്ക് കൊണ്ടുപോകുന്നപോലെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതാണ്. കൊല്ലപ്പെട്ടത് ജീവൻ കയ്യിൽപിടിച്ച് യാത്രതിരിച്ച 70 പേർ.ഇസ്രായേൽ സേനയുടെ മുന്നറിയിപ്പ് വിശ്വസിച്ച് തിരിച്ച വാഹനവ്യൂഹമാണ് കാർപ്പെറ്റ് ബോംബിങ്ങിന് ഇരയായത്.
അൽ ജസീറ ഇൻവെസ്റ്റിഗോഷൻ ടീം ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. നിഴലുകളുടെ ദിശ പഠിച്ച് സമയം നിർണയിച്ചു. സമയം വൈകിട്ട് 4.30നും 5.15നും ഇടയ്ക്ക്.. ഇസ്രായേൽ നൽകിയ സമയം അവസാനിക്കാണ ഇനിയും രണ്ടര മണിക്കൂർ ബാക്കി.മുന്നറിയിപ്പ് നൽകിയത് തങ്ങളെ കൊലക്കളത്തിലേക്ക് എത്തിക്കാനായിരുന്നോയെന്ന് സംശയിക്കുകയാണ് ഫലസ്തീനികള്‍.