ഇസ്രായേല്‍ ആക്രമണം 18-ാം ദിവസത്തിലേക്ക്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു
|സംഘർഷം 18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു
തെല്‍ അവിവ്: ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സംഘർഷം 18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗസ്സയിൽ കൊല്ലപ്പെട്ടു. ഇന്ധനം എത്തിക്കുന്നത് പോലും ഉപരോധിച്ചത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതിനിടെ, യു.എൻ സെക്രട്ടറി ജനറൽ ഫലസ്തീന് അനുകൂലമായ നിലപാട് എടുത്തത് ജനറൽ അസംബ്ലിയിൽ ചൂടേറിയ ചർച്ചയ്ക്കും വഴിയൊരുക്കി.
ഹമാസിന്‍റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ല എന്നാണ് അന്‍റോണിയോ ഗുട്ടറസ് തുറന്നടിച്ചത്. 56 വർഷം ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിനാണ് ഫലസ്തീൻ വിധേയമായതെന്നും യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. ഇത് ഇസ്രായേലിനെ വല്ലാതെ ചൊടിപ്പിച്ചു. നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ചോദിച്ചാണ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഏലി കോഹൻ പ്രസംഗം തുടങ്ങിയത്. ഗുട്ടെറസിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസിഡറും രംഗത്തെത്തി. അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാജ്യങ്ങളായ സൗദി, ഈജിപ്ത്, ജോർദാൻ, യു എ ഇ എന്നിവ അസംബ്ലിയിൽ നിലപാട് എടുത്തു. ഗസ്സയിലേക്ക് മരുന്നും ഇന്ധനവും എത്തിക്കാൻ വെടിനിർത്തണമെന്ന് ഡബ്ള്യൂ.എച്ച്.ഒ യും ആവശ്യപ്പെട്ടു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അടിയന്തര വെടിനിർത്തൽ വേണമെന്ന് പറഞ്ഞു.ഇന്ധനമില്ലാത്തതിനാൽ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനവും നിലച്ച അവസ്ഥയിലാണ്.