ഇസ്രായേൽ- ഹമാസ് യുദ്ധം അഞ്ചാംദിനത്തിൽ; ഗസ്സയിൽ മരണം 900 കടന്നു
|ഗസ്സയിലേക്കുള്ള കരയാക്രമണത്തിന് ഇസ്രായേൽ സജ്ജമാകുന്നു. ഇസ്രായേലിനു നേരെ സിറിയിയിൽ നിന്നും ഷെല്ലാക്രമണമുണ്ടായി.
ഗസ്സ സിറ്റി: ഗസ്സക്കുമേൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. സമ്പൂർണ ഉപരോധത്തിലമർന്ന ഗസ്സയിലേക്ക് കരയാക്രമണത്തിനുളള മുന്നൊരുക്കങ്ങൾ സൈന്യം തുടരുകയാണ്. യു.എസ് യുദ്ധകപ്പൽ സന്ദർഭം മുതലെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണെന്ന് സെൻട്രൽ കമാന്റ് വ്യക്തമാക്കി. ലബനാനു പിന്നാലെ സിറിയയിൽ നിന്നും ഇസ്രായേലിനു നേർക്ക് ഷെല്ലാക്രമണമുണ്ടായി.
ഗസ്സയിൽ മരണസംഖ്യക്കൊപ്പം പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. 4500 പേർക്കാണ് പരിക്ക്. ഹമാസ് ആക്രമണത്തിൽ ആയിരം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഗസ്സ ആക്രമണത്തിൽ ഹമാസ് മന്ത്രിയും രാഷ്ട്രീയകാര്യ ബ്യൂറോ അംഗവുമായ ജവാദ് അബൂ ശമാല കൊല്ലപ്പെട്ടു. സകരിയ്യ അബൂ മുഅമ്മർ എന്ന ഹമാസ് നേതാവിനെയും ഇസ്രായേൽ കൊലപ്പെടുത്തി. രാത്രി നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാൻ പോലും സാധിച്ചില്ലെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തെൽഅവീവ് ഉൾപ്പെടെ ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള ഹമാസിന്റെ റോക്കറ്റാക്രമണം തുടർന്നു. അസ്ദോദ്, അഷ്കലോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റോക്കറ്റുകൾ പതിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ലബനാനിൽ ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിന് മറുപടിയായി വ്യാപക ഷെല്ലാക്രമണം നടന്നു. സിറിയയിൽ നിന്നും നിരവധി ഷെല്ലുകൾ ഇസ്രായേൽ പ്രദേശങ്ങളിൽ പതിച്ചു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തി. ഇസ്രായേലിനുള്ള എല്ലാ പിന്തുണയും ഉദാരമായി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. കഠിനമായ യുദ്ധത്തിൽ ജയം ഇസ്രായേലിന് തന്നെയായിരിക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ഫോർഡ് യുദ്ധകപ്പൽ മെഡിറ്ററേനിയൻ തീരത്ത് നങ്കൂരമിട്ടു. കൂടുതൽ സൈനികോപകരണങ്ങൾ ഉടൻ അമേരിക്ക ഇസ്രായേലിന് കൈമാറും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ നാളെ ഇസ്രായേലിലെത്തും.
രണ്ടു ലക്ഷത്തിലേറെ പേർക്ക് ഗസ്സയിൽ വീടുകൾ നഷ്ടപ്പെട്ടതായി യു.എൻ അറിയിച്ചു. മൂന്നു ലക്ഷത്തി അറുപതിനായിരം റിസർവ് സൈനികരെയാണ് ഇസ്രായേൽ ഒരുക്കി നിർത്തിയിരിക്കുന്നത്. ഹമാസ് പിടിയിലുള്ള തടവുകാരെ മേചിപ്പിക്കാൻ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തടവുകാരിൽ 14 യു.എസ് പൗരൻമാരും ഉൾപ്പെടും. യുദ്ധഭീതി കനത്തതോടെ തങ്ങളുടെ പൗരൻമാരെ ഇസ്രായേലിൽ നിന്ന് ഒഴിപ്പിക്കാനും രാജ്യങ്ങൾ നീക്കമാരംഭിച്ചു. ഇതിനായി പ്രത്യേക വിമാനം അയക്കണമെന്ന് ജർമനി അറിയിച്ചു