യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ്; ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് അമേരിക്ക
|ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു
തെല്‍ അവിവ്: മധ്യസ്ഥരാജ്യങ്ങളമായി ആശയവിനിമയം തുടരുന്നുണ്ടെങ്കിലും യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് ഹമാസ് നേതൃത്വം.യുദ്ധം നീളുന്ന സാഹചര്യത്തിൽ ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അനുവദിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. വെസ്റ്റ്ബാങ്കിലും അതിക്രമം രൂക്ഷമായി തുടരുകയാണ്. അടിയന്തര വെടിനിർത്തൽ വൈകരുതെന്ന് രക്ഷാസമിതിയിൽ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഇറാഖിലെ ഇർബിലിൽ യു.എസ് ഇൻറലിജൻസ് കേന്ദ്രത്തിന് നേരെ ഇസ്ലാമിക് റസിസ്റ്റൻസ് വിഭാഗം ആക്രമണം നടത്തി .
ആക്രമണം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചക്ക് പ്രസക്തിയില്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് നേതാവ് ഒസാമ ഹംദാൻ വ്യക്തമാക്കി. തടവുകാരെ സൈന്യം കൊലപ്പെടുത്തിയ നടപടി ഇസ്രായേലിനുള്ളിൽ രൂപപ്പെടുത്തിയ പ്രതിഷേധമാണ് നെതന്യാഹുവിനെ ചർച്ചക്ക് പ്രേരിപ്പിക്കുന്നത്. അതേസമയം ഖത്തർ, ഈജിപ്ത് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ യാതൊരു സമ്മർദവും തങ്ങൾക്കു മേൽ നടത്തുന്നില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. എന്നാൽ ബന്ദികളുടെ കൈമാറ്റത്തിന് ചില നിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് ബന്ധുക്കൾക്ക് മുമ്പാകെ നെതന്യാഹു അറിയിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം നീളുമെന്നുറപ്പായ സാഹചര്യത്തിൽ ഇസ്രായലിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് പെന്റഗൺ അറിയിച്ചു. 147.5 മില്യൻ ഡോളറിന്റെ എം 107 റൈഫിളുകളും ഇസ്രായേലിന് കൈമാറുന്ന ആയുധങ്ങളിൽ ഉൾപ്പെടും. ഖാൻ യൂനുസിനു നേർക്ക് രാത്രി നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നൂറോളം കേന്ദ്രങ്ങളിൽ ഇന്നലെ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ അറിയിച്ചു. ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി അൽഖസ്സാം ബ്രിഗേഡും വ്യക്തമാക്കി. ഇറാഖിലെ ഇർബിലിൽ അമേരിക്കൻ സൈനിക താവളത്തോട് ചേർന്ന ഇൻറലിജൻസ് കേന്ദ്രത്തിനു നേർക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്ലാമിക് റസിസ്റ്റൻസ് വിഭാഗം പറഞ്ഞു. ചെങ്കടലിൽ കപ്പലുകൾക്കെതിരായ നടപടിയുടെ പേരിൽ യെമനെ അക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഹൂത്തികൾ. യു.എൻ രക്ഷാസമിതി ഇന്നലെ വീണ്ടും ഗസ്സയിലെ സ്ഥിതിഗതികളും ഫലസ്തീൻ പ്രശ്നവും ചർച്ച ചെയ്തു. യു.എ.ഇയുടെ ആവശ്യം മുൻനിർത്തിയാണ് യു.എൻ ഇടപെടൽ. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ക്രൂരതകൾക്കെതിരായ ഹർജി അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ഇതിനു മുൻകൈയെടുത്ത ദക്ഷിണാഫ്രിക്കയെ ഇസ്രായേൽ നേതൃത്വം വിമർശിച്ചു.