ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി കൊല്ലപ്പെട്ടത് 8672 വിദ്യാർഥികൾ
|യുദ്ധം തുടങ്ങിയത് മുതൽ ഗസ്സയിലെ 620,000 വിദ്യാർഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
ഗസ്സ: ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി 8,672 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം. ഗസ്സയിൽ 14,089 വിദ്യാർഥികൾക്കും വെസ്റ്റ് ബാങ്കിൽ 494 വിദ്യാർഥികൾക്കും പരിക്കേറ്റതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 500ൽ താഴെ അധ്യാപകരും സ്‌കൂൾ അധികാരികളും കൊല്ലപ്പെട്ടിട്ടുണ്ട്. 3,402 പേർക്ക് പരിക്കേറ്റു.
യുദ്ധം തുടങ്ങിയത് മുതൽ ഗസ്സയിലെ 620,000 വിദ്യാർഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 39,000 ഫൈനൽ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് പബ്ലിക് എക്‌സാം എഴുതാൻ കഴിഞ്ഞിട്ടില്ല.
സെക്കൻഡറി ക്ലാസിലെ അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്തത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. 353 പൊതുവിദ്യാലയങ്ങളും യൂണിവേഴ്‌സിറ്റികളും ഫലസ്തീൻ അഭയാർഥികൾക്കായി നടത്തപ്പെടുന്ന 65 യു.എൻ അംഗീകൃത സ്‌കൂളുകളും പൂർണമായോ ഭാഗികമായോ ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്.