അൽഅഖ്സയിൽ റമദാൻ നിയന്ത്രണങ്ങളുമായി ഇസ്രായേൽ; യുവാക്കള്‍ക്ക് രാത്രികാല നമസ്കാരത്തിന് വിലക്ക്
|പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്
ജറൂസലം: റമദാൻ വ്രതാരംഭത്തോടെ മസ്ജിദുൽ അഖ്സയിൽ നിയന്ത്രണങ്ങളുമായി ഇസ്രായേൽ. പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്കാരത്തിനു വിലക്കേർപ്പെടുത്തി. 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. നിയന്ത്രണത്തിൽ എതിർപ്പുമായി ഫലസ്തീൻ ജനത രംഗത്തെത്തിയിട്ടുണ്ട്.
പള്ളിയുടെ പരിസരത്ത് കൂടുതൽ പൊലീസുകാരെ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ട്. റമദാനിൽ തറാവീഹ് ഉൾപ്പെടെ രാത്രികാല നമസ്കാരത്തിനും പ്രാർഥനകൾക്കും കൂടുതൽ വിശ്വാസികൾ എത്താനിടയുള്ള സാഹചര്യത്തിലാണ് കൂടുതൽ സേനാ വിന്യാസം. പ്രതിഷേധ പരിപാടികളിൽ ഭാഗമാകരുതെന്ന് ജറൂസലമിലെ തദ്ദേശവാസികൾക്ക് ഇസ്രായേൽ അധികൃതർ മൊബൈൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് 'മിഡിലീസ്റ്റ് മോണിറ്റർ' റിപ്പോർട്ട് ചെയ്യുന്നു. റമദാനിൽ അക്രമങ്ങൾക്കോ കലാപങ്ങൾക്കോ മുതിരരുതെന്നു മുന്നറിയിപ്പുമായി കിഴക്കൻ ജറൂസലമിൽ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മക്ക, മദീന പള്ളികൾക്കൊപ്പം മുസ്ലിംകൾ പരിപാവനമായി കരുതുന്ന വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്സ. റമദാൻ ഉൾപ്പെടെ വിശേഷ വേളകളിൽ ആയിരങ്ങളാണു പള്ളിയിലേക്കു പ്രാർഥനയ്ക്കായി എത്താറുള്ളത്.
Summary: Israel imposes restrictions on Masjid al-Aqsa as Ramadan starts